വാൽപ്പാറ ദുരന്തം: നൗഷാദ് അലിയും മരണത്തിന് കീഴടങ്ങി

മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാങ്ങ് ജി.എൽ.പി സ്കൂളിലെ ബസ് ഡ്രൈവർ പെരിന്തൽമണ്ണ മുതുകുറുശ്ശി സ്വദേശി നൗഷാദ് അലിയും (39) മരണത്തിനു കീഴടങ്ങി. ഇതോടെ മരണം പത്തായി. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരവേ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു. നൗഷാദ് ഒന്നര വർഷം മുമ്പാണ് പാങ്ങ് സ്കൂളിൽ ബസ് ഡ്രൈവറായി എത്തിയത്. അതിനു മുമ്പ് ഏലം കുളത്ത് പൈപ്പ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇന്നലെ പെരിന്തൽമണ്ണ മുതുകുറുശ്ശിയിലെ വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് 5.30ന് വാഴേങ്ങൽ നൂറാനിയ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സീനത്ത് (വാഴേങ്ങൽ എൽ.പി സ്കൂൾ അദ്ധ്യാപിക). മക്കൾ: ഫഹീം നാജിദ്, സൻഹ ഫാത്തിമ. ചികിത്സാ പിഴവെന്ന് ആരോപണംനൗഷാദിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയ വൈകിയെന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ഡിസ്ചാർജ് നൽകാൻ കോയമ്പത്തൂർ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ അടുത്തദിവസം മുതൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. അതിന് കളക്ടറുടെ അനുമതി വേണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ആരോഗ്യനില വഷളായപ്പോൾ ഡോക്ടർമാരെ അറിയിച്ചെങ്കിലും ഒന്നര മണിക്കൂറിനു ശേഷമാണ് എത്തിയതെന്നും കുടുംബം ആരോപിച്ചു.
Source link


