test del 4 copy of del 3

ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ’ എന്നുവിളിച്ച് ന്യൂസിലൻഡ് മന്ത്രി; ബ്രിട്ടനിലെ ‘തന്തൂരി-പപ്പടം’ പോരിന് പിന്നാലെ പുതിയ വിവാദം, തർക്കം ‘ഡീലിൽ’


ഇന്ത്യയുമായി ഉടൻ ഒപ്പുവയ്ക്കുന്ന വ്യാപാരക്കരാറിനെതിരെ ന്യൂസിലൻഡിൽ ഭരണകക്ഷി മന്ത്രിമാരിൽ നിന്നുതന്നെ വൻ പ്രതിഷേധം. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച ‘മദർ ഓഫ് ഓൾ‌ ഡീൽ‌സിനും’ ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രഖ്യാപിച്ച ‘ഫാദർ ഓഫ് ഓൾ‌ ഡീൽസിനും’ മുൻപേ യാഥാർഥ്യമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ യുകെയിൽ ഉണ്ടായ പ്രതിഷേധത്തിന് സമാനമാണ് ന്യൂസിലൻഡിലും.അടുത്തയാഴ്ചയാണ് ന്യൂഡൽഹിയിൽ‌ വച്ച് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവയ്ക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങൾ കരാറിലുണ്ട്. ഇതാണ് ഭരണ മുന്നണിയിലുള്ള ഒരു പാർട്ടിയിലെ മന്ത്രിമാരുടെ എതിർപ്പിന് കാരണം. ‘‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തും. ഈ ‘ബട്ടർ ചിക്കൻ സൂനാമിയെ’ ഞാൻ ഒരിക്കലും അംഗീകരിക്കില്ല’’ – മന്ത്രി ഷെയ്ൻ ജോൺസ് പ്രതികരിച്ചത് ഇങ്ങനെ.ബട്ടർ ചിക്കൻ സൂനാമിയെന്ന് ഇന്ത്യക്കാരെ അദ്ദേഹം വിളിച്ചത് വംശീയാധിക്ഷേപമാണെന്ന വിമർശനം ഉയർന്നു. എന്നാൽ, രാഷ്ട്രീയ ചർച്ചകളിൽ ശ്രദ്ധകിട്ടാനായി താൻ ഇത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് തന്നെ പാർട്ടിയിലെ മറ്റ് എംപിമാർ ഉപദേശിച്ചിരുന്നെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം വാക്കുകളിലൂടെ മാത്രമേ ‘ഇംപാക്റ്റ്’ സൃഷ്ടിക്കാനാകൂ എന്നും പ്രതികരിച്ചു. ന്യൂസിലൻ‌ഡുകാർ ഇത്തരം കുടിയേറ്റത്തെ അംഗീകരിക്കില്ലെന്നും ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ ഇതു പ്രധാന വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button