test del 3

സ്‌ട്രോങ് റൂം ശരിക്കും ‘സ്‌ട്രോങ്’ ആണോ?; ഇവിഎം സൂക്ഷിക്കുന്ന മുറി തുറക്കാൻ കഴിയുമോ?


തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് സംസ്ഥാനത്തു സ്‌ട്രോങ് റൂം വിവാദം തുടരുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും പാലക്കാട് ജില്ലയിലെ നെന്മാറയിലുമാണ് വിവാദമുണ്ടായത്. പേരാമ്പ്രയില്‍ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിനോടു ചേര്‍ന്ന മെറ്റീരിയല്‍ റൂം ആണു തുറന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തന്നെ ഇടപെട്ടു തടഞ്ഞു. പേരാമ്പ്രയില്‍ റിട്ടേണിങ് ഓഫിസര്‍ക്കു ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും അടിസ്ഥാനചട്ടങ്ങള്‍ പോലും മറന്നാണ് പ്രവര്‍ത്തിച്ചതെന്നുമാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടികളാണ് ഉണ്ടായതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാട്. ജനാധിപത്യവ്യവസ്ഥിതിയിലെ ഏറ്റവും സുപ്രധാനമായ ജനഹിതം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം അത്ര എളുപ്പം ആര്‍ക്കും തുറക്കാന്‍ കഴിയുന്നതാണോ? ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരുടെയൊക്കെ സാന്നിധ്യത്തില്‍ എന്തൊക്കെ നടപടിക്രമങ്ങളാണ് സ്‌ട്രോങ് റൂം തുറക്കാന്‍ പാലിക്കപ്പെടേണ്ടതെന്നു പരിശോധിക്കാം. എത്രമാത്രം സ്‌ട്രോങ്? വോട്ടെടുപ്പു കഴിഞ്ഞാല്‍ വോട്ടിങ് മെഷിനുകളും തിരഞ്ഞെടുപ്പു രേഖകളും സീല്‍ ചെയ്തു സുരക്ഷിതമാക്കേണ്ട ചുമതല പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കാണ്. പിന്നീടത് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു കൈമാറും. മെഷീനുകളില്‍ സുരക്ഷിതമായി പോളിങ് സ്‌റ്റേഷനില്‍നിന്നു സ്‌ട്രോങ് റൂമിലേക്ക് എത്തിക്കേണ്ട ചുമതലയും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കാണ്. വോട്ടെണ്ണല്‍ വരെ പ്രത്യേകം സജ്ജമാക്കിയ സ്‌ട്രോങ് റൂമുകളിലാണ് മെഷിനുകള്‍ സൂക്ഷിക്കുന്നത്. വോട്ടെണ്ണലിനു മുന്‍പ് ഒരു തവണ മാത്രമേ സീല്‍ ചെയ്ത ഇവിഎമ്മുകള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളു. ഈ നടപടിക്രമങ്ങള്‍ മുഴുവനും സ്ഥാനാര്‍ഥികളുടെയും അവരുടെ ഏജന്റുമാരുടെയും അനുമതിയോടെ മാത്രമേ പാടുള്ളുവെന്നാണ് ചട്ടം. ഒരു പോളിങ് സ്‌റ്റേഷനില്‍നിന്നു ലഭിച്ച ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും ഒരുമിച്ചു സൂക്ഷിക്കണം. ബാലറ്റ് യൂണിറ്റുകള്‍ക്കു മുകളില്‍ ഫോം 24 എയ്‌ക്കൊപ്പമാണ് കണ്‍ട്രോള്‍ യൂണിറ്റ് വയ്‌ക്കേണ്ടത്. വോട്ടെടുപ്പിനു മുന്‍പും പിന്‍പും പ്രിസൈഡിങ് ഓഫിസര്‍മാര്‍ തയാറാക്കുന്ന സത്യവാങ്മൂലം അടങ്ങുന്ന സീല്‍ ചെയ്ത കവര്‍, പ്രിസൈഡിങ് ഓഫിസര്‍മാരുടെ ഡയറി, ഫോം 21 എയിലെ വോട്ട് റജിസ്റ്റര്‍ എന്നിവ റിട്ടേണിങ് ഓഫിസറുടെ സുരക്ഷിത കസ്റ്റഡിയിലാണു സൂക്ഷിക്കേണ്ടത്. ഒരു കാരണവശാലും ഇത്തരം രേഖകള്‍ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ വയ്ക്കരുതെന്നു കര്‍ശന നിര്‍ദേശം കമ്മിഷന്‍ നല്‍കിയിട്ടുണ്ട്.മൂന്നു തലത്തില്‍ സുരക്ഷ സ്‌ട്രോങ് റൂമില്‍ മൂന്നു ഘട്ടങ്ങളായാണു സുരക്ഷാ ഭടന്മാരെ വിന്യസിച്ചിരിക്കുന്നത്. ഏറ്റവും പ്രധാന സുരക്ഷാ മേഖല ഇന്നര്‍ യൂണിറ്റാണ്. കേന്ദ്ര സുരക്ഷാ സേനയാണ് ഇവിടെ ചുമതലയിലുള്ളത്. സ്ട്രോങ് റൂമും പരിസരവും 24 മണിക്കൂര്‍ നിരീക്ഷിക്കുന്നതിനുള്ള ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ക്യാമറയുടെ സഹായത്തോടെയാണ് ഇവര്‍ പരിശോധന നടത്തുന്നത്. സ്ട്രോങ് റൂം സ്ഥിതി ചെയ്യുന്ന സ്‌കൂള്‍/കോളജ് ക്യാംപസിനുള്ളില്‍ സുരക്ഷയൊരുക്കാനാണ് ഔട്ടര്‍ യൂണിറ്റ്. കേരള പൊലീസാണ് ഇവിടെ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ടിട്ടുള്ളത്. ക്യാംപസിലേക്കു കടന്നുവരാനുള്ള പ്രധാന ഗേറ്റ് ഒഴികെ എല്ലാം ആര്‍ക്കും കടന്നുവരാനാകാത്തവിധം പൂട്ടി കാവല്‍ഭടന്മാരെ നിയോഗിക്കും. ഗേറ്റിനു പുറത്തെ സുരക്ഷയാണു മൂന്നാമത്തെ വലയം. എആര്‍ ക്യാംപിലെ പൊലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. സംശയാസ്പദമായ രീതിയില്‍ ആരെയും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരത്തു നില്‍ക്കാന്‍ അനുവദിക്കില്ല. 


Source link

Back to top button