മനുഷ്യൻ ദൈവമാകുന്നതിന് മുൻപ് ഒരു ജീവിതമുണ്ട്, തെയ്യം എത്തുന്നത് ചതിക്കപ്പെട്ടവരുടെ ചോരയ്ക്ക് കണക്ക് ചോദിക്കാൻ

ഉത്തരമലബാറിന്റെ സാംസ്കാരിക ഭൂമികയെ, പ്രത്യേകിച്ച് തെയ്യം എന്ന രംഗകലയെ ആഴത്തിൽ പഠിക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനും ഗവേഷകനുമാണ് വി.കെ. അനിൽകുമാർ. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരാണ് സ്വദേശം. തെയ്യത്തിന്റെ കഥകളും ചരിത്രവും സമൂഹവും കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പഠനങ്ങൾ മലയാള സാഹിത്യത്തിലും സാംസ്കാരിക മേഖലയിലും ശ്രദ്ധേയമാണ്. ‘ദൈവക്കരു’ എന്ന നോവലിലൂടെയും കതിവനൂർ വീരൻ അടക്കമുള്ള തെയ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും അദ്ദേഹം വായനക്കാർക്ക് പരിചിതനാണ്. ഡിജിറ്റൽ മാദ്ധ്യമങ്ങളിലും പോഡ്കാസ്റ്റുകളിലും സജീവമായി ഇടപെടാറുണ്ട്. തെയ്യം എന്ന കലയെ വെറുമൊരു അനുഷ്ഠാനാമായി കാണാതെ സാമൂഹിക രാഷ്ട്രീയ കാഴ്ചയിലൂടെയാണ് അനിൽ നോക്കിക്കാണുന്നത്. നിലവിൽ കേരള സംഗീത നാടക അക്കാദമിയിൽ പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. തെയ്യത്തെപറ്റിയുള്ള തന്റെ നിലപാടുകളെക്കുറിച്ച് അനിൽ കുമാർ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു. തെയ്യം-രാഷ്ട്രീയം ആഖ്യാനം
തെയ്യം വെറുമൊരു ആട്ടമല്ല, മറിച്ച് സ്വയമൊരു രാഷ്ട്രീയ ആഖ്യാനമാണ്. നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതികൾക്കപ്പുറം, മാനവിക മോചനവും പ്രകൃതിയോടുള്ള ഇണക്കവുമാണ് തെയ്യം മുന്നോട്ടുവയ്ക്കുന്നത്. ഓരോ തെയ്യത്തിനും ദൈവമാകുന്നതിന് മുൻപ് ഒരു മനുഷ്യജീവിതമുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളും അതിജീവനപ്പോരാട്ടങ്ങളും ആ ജീവിതങ്ങളിൽ കാണാം. മനുഷ്യനും പ്രകൃതിയും ഐക്യത്തോടെ നിലനിൽക്കണമെന്ന നവ സാമൂഹിക ക്രമത്തെ തെയ്യം അനുഷ്ഠാന ഘടനയിലൂടെ സാക്ഷാത്കരിക്കുന്നു. ചരിത്രപരമായും സാമൂഹികപരമായും ഇന്നും തെയ്യം പ്രസക്തമായി തുടരുന്നതിന്റെ കാരണവും ആ സവിശേഷതയാണ്.
Source link


