test del 4 copy of del 3
സൂചിയേക്കാൾ നേർത്ത പാമ്പിന്റെ പല്ല്; രക്ഷിക്കാന്‍ ബൈക്കിൽ പാഞ്ഞ് പിതാവ്, നോവായി അൽജോ

തൃശൂർ ∙ സിൽജോയെയും മക്കളെയും കുറിച്ച് കടമ്പോടുള്ളവർക്ക് പറയാൻ നൂറുനാവാണ്. കാരണം, അച്ഛനും മക്കളും തമ്മിലുള്ള അടുപ്പത്തിന്റെ ആഴമത്രയുമായിരുന്നു. ആ മക്കൾക്ക് ഒരു ദുരന്തമുണ്ടായെന്നും അതിൽ ഇളയയാൾ മരിച്ചെന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അയൽക്കാരും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ. കൊടകര മറ്റത്തൂർ കടമ്പോടുള്ള വീട്ടിലെ ഹാളിൽ നിലത്തുകിടന്ന് ഉറങ്ങിയ കാവുങ്ങൽ സിൽജോയുടെ മക്കളായ അൽജോ (8), അനോഷ് (10) എന്നിവർക്കാണ് പാമ്പുകടിയേറ്റത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അൽജോ മരിച്ചത്. അനോഷ് ഗുരുതരാവസ്ഥയിലാണ്.ചൂടുകാരണമാണ് ഇവർ ഹാളിൽ കിടന്ന് ഉറങ്ങാൻ തീരുമാനിച്ചത്. തുടർന്നാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതും ഒടുവിൽ അത് ഒരു കുട്ടിയുടെ മരണത്തിൽ കലാശിച്ചതും. ഹാളിൽ നിന്നു തന്നെ പാമ്പിന്റെ കടിയേറ്റു എന്നാണ് കരുതുന്നത്. വെളുപ്പിന് മക്കളുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ബൈക്കിൽ അവരെവച്ച് ആംബുലൻസ് തേടി പിതാവ് അക്ഷരാർഥത്തിൽ പായുകയായിരുന്നു. എന്നിട്ടും വിധി ഒരാളെ തട്ടിയെടുത്തു. ഡോക്ടർമാർ പറഞ്ഞതനുസരിച്ച് തിരിച്ചെത്തി വീട്ടിൽ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.ചൂട് കൂടിയതിനാൽ ഇവ തണുപ്പുള്ള സ്ഥലം നോക്കി ഇറങ്ങുന്നത് ഇപ്പോൾ സാധാരണവുമാണ്. സിറിഞ്ചിന്റെ സൂചിയേക്കാൾ നേർത്ത പല്ലാണ് വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പിനെന്ന് വനംവകുപ്പ് വിദഗ്ധർ പറയുന്നു. അതുകൊണ്ട് കടിച്ച പാട് വളരെ നേർത്തതായിരിക്കും. ചെറിയ പാമ്പ് ആണെങ്കിലും വിഷത്തിന്റെ വീര്യത്തിൽ കുറവുണ്ടാകില്ല. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും രണ്ടാമനെ തിരിച്ചുകിട്ടാനായി ഒരു നാടു മുഴുവൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ്.
Source link


