test del 3
അന്ന് മമതയുടെ നോട്ടപ്പുള്ളി; ഇന്ന് കോൺഗ്രസിന്റെ പ്രതീക്ഷ

ഒരു രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാതെ 5 തവണ തുടർച്ചയായി ബഹാരംപുരിൽനിന്നു ലോക്സഭയിലേക്ക് ജയിച്ച അധീർ രഞ്ജൻ ചൗധരി ആദ്യ തോൽവിയറിഞ്ഞത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ്. ആരായിരുന്നു എതിരാളിയെന്ന് ചോദിച്ചാൽ, ചൗധരി ‘മമതയുടെ പക’ എന്ന് ഉത്തരം പറയും. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള മമതയുടെയും ഹൈക്കമാൻഡിന്റെയും താൽപര്യത്തിന് ഉടക്കിട്ടത് അധീറാണ്. കലിമൂത്ത മമത മാൾഡയിലെ ഹോട്ടലിനു മുറ്റത്ത് ഹെലിപാഡുണ്ടാക്കി. ബഹാരംപുരിലെ മുക്കിലും മൂലയിലും പറന്നെത്തി അധീറിനെതിരേ പ്രചാരണം നയിച്ചു. ഗുജറാത്തിൽനിന്നു ഇറക്കുമതി ചെയ്ത ക്രിക്കറ്റ് താരം യൂസുഫ് പഠാന്റെ താരപ്രഭക്കു മുൻപിൽ ബഹാരംപുരിന്റെ പ്രിയപ്പെട്ട അധീർ ദാ തോറ്റു. വൈകാതെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും ഒഴിഞ്ഞു. അധീർ രഞ്ജൻ പാർട്ടി വിടുമെന്ന് വലിയ പ്രചാരണമുണ്ടായിരുന്നു. അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിച്ച് പല പാർട്ടികളും പരാജയപ്പെടുകയും ചെയ്തു. നിയമസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും മാൾഡ, മുർഷിദാബാദ് ജില്ലകളിൽ കരുത്തരാണ് കോൺഗ്രസ് ഇപ്പോഴും. കോൺഗ്രസിന്റെ ബംഗാളിലെ എക്കാലത്തെയും കരുത്തനായ നേതാക്കളിൽ ഒരാളും മുൻ റെയിൽവേ മന്ത്രിയുമായ ഗനിഖാൻ ചൗധരിയുടെ അനന്തരവൾ മൗസം ബേനസിർ നൂർ ഇത്തവണ മാൾഡയിലെ മലാതിപുരിൽ മൽസരിക്കുന്നത് പാർട്ടിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഗനി ഖാന്റെ വീട്ടിൽ നിന്ന് മമത കൊണ്ടുപോയ നൂർ തിരികെ കോൺഗ്രസിലേക്ക് മടങ്ങുകയായിരുന്നു.
Source link


