test del 3

‘ബിജെപിക്കാരനുമായി സംസാരിച്ചത് 20 മിനിറ്റ്, ശിവൻകുട്ടിയുമായി ഭിന്നതയുണ്ടായിരുന്നു; വോട്ട് മറിച്ചോയെന്ന് മേയ് 4ന് അറിയാം’


തിരുവനന്തപുരം∙ നാലു പതിറ്റാണ്ടിലേറെയായി സിപിഐയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സിപിഐയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം വി.എസ്.സുലോചനന്‍. നടപടി സംബന്ധിച്ച് മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്നും പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ഇതുസംബന്ധിച്ച് രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സുലോചനന്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചതു സംബന്ധിച്ച് ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്നാണു സുലോചനനെ ഇന്നലെ സിപിഐയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ശബ്ദരേഖ പരിശോധിച്ചപ്പോള്‍ സുലോചനന്റെ ശബ്ദം ആണെന്ന് തെളിഞ്ഞതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി മാങ്കോടു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശിവന്‍കുട്ടി സഖാവിനോ സിപിഎമ്മിനോ ഞാന്‍ പ്രവര്‍ത്തിച്ചില്ലെന്ന തരത്തില്‍ ഒരു തെറ്റിദ്ധാരണയും ഇല്ല. മേയ് 4ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ സത്യം തെളിയും. ശിവന്‍കുട്ടിയുമായി വ്യക്തിപരമായ ഒരു പ്രശ്‌നവും ഇല്ല. അമ്പലത്തറ വാര്‍ഡില്‍ കൗണ്‍സിലര്‍ ആയിരുന്നപ്പോള്‍ അദ്ദേഹവുമായി ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. സ്‌കൂളില്‍ കവാടം തുറക്കാന്‍ പറ്റാത്ത രീതിയില്‍ കെട്ടിടം നിര്‍മിച്ച വിഷയത്തിലും ചില പദ്ധതികള്‍ വാര്‍ഡിന് അനുവദിക്കാതിരുന്നതിലും ഭിന്നത ഉണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് വരുമ്പോള്‍ അതൊന്നും പ്രശ്‌നമാക്കില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാരഹിതമാണ്. നാലു പതിറ്റാണ്ടിലേറെയായി സിപിഐക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ മറിച്ചൊന്നും ചെയ്തിട്ടില്ല. ഇപ്പോഴത്തെ വിവാദത്തിനു കാരണം സിപിഐയിലെ വിഭാഗീയതയാണ്.ബിജെപിക്കാരനായ ഒരു സുഹൃത്തുമായാണ് ഫോണില്‍ 20 മിനിറ്റോളം സംസാരിച്ചത്. പ്രദേശത്ത് ഒരു കൗണ്‍സിലറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ബിജെപിയുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്‌നം പരിഹരിക്കാനും തണുപ്പിക്കാനും വേണ്ടി ഒത്തുതീര്‍പ്പിനായാണു ഫോണ്‍ സംഭാഷണം നടത്തിയത്. അമ്പലത്തറ കുറച്ചു ന്യൂനപക്ഷങ്ങളുമുള്ള മേഖലയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ അടിയും പ്രശ്‌നങ്ങളും ഉണ്ടായപ്പോള്‍ അവരാരും വോട്ട് ചെയ്യാന്‍ വന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഒത്തുതീര്‍പ്പിനു ശ്രമിച്ചത്. വിഷയം ബിജെപിക്കാരനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് സംസാരിച്ചത്. അതിനിടയിലാണ് ശിവന്‍കുട്ടി സഖാവും നിങ്ങളും തമ്മില്‍ പ്രശ്‌നമില്ലേ എന്നു ചോദിച്ചതും അതിനു മറുപടി നല്‍കിയതും. ചെറിയ പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. 20 മിനിറ്റ് സംസരത്തില്‍നിന്ന് വളരെ കുറച്ചുഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്താണു പ്രചരിപ്പിച്ചത്. എനിക്കെതിരെ നടപടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അവര്‍ക്കെതിരെ സൈബര്‍ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുകയും വക്കീല്‍ നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.


Source link

Back to top button