test del 1

യുദ്ധത്തിൽ നടുക്കടലിലായി, വിഴിഞ്ഞം തേടി 100 കപ്പലുകൾ

തിരുവനന്തപുരം: ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുകയും പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതോടെ നടുക്കടലിൽ കുടുങ്ങിപ്പോയ നൂറിലേറെ കപ്പലുകൾ വിഴിഞ്ഞത്തടുക്കാൻ അനുമതി തേടുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു പോവേണ്ട, എട്ട് ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകളാണിവ.

മദർ ഷിപ്പുകളാണ് ഏറെയും. യുദ്ധം കാരണം ദുബായ് തുറമുഖത്ത് അടുപ്പിക്കാൻ കഴിയുന്നില്ല. സംഘർഷം തുടർന്നാൽ,​ വിഴിഞ്ഞത്തിന്റെ അനുമതിക്ക് കാക്കുന്ന കപ്പലുകളുടെ എണ്ണം കൂടും.

അന്താരാഷ്ട്ര കപ്പൽച്ചാലിന് 10 നോട്ടിക്കൽമൈൽ അടുത്താണ് വിഴിഞ്ഞം. കൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാം. ആഴ്ചകളോളം കടലിൽ കുടുങ്ങിയ കപ്പലുകൾ ബർത്തിംഗിനും കാർഗോയിറക്കാനും അനുമതി തേടുന്നുണ്ട്. കപ്പൽച്ചാലിൽ നിന്ന് മുംബയ് 700,​ മുന്ദ്ര 1,150 നോട്ടിക്കൽമൈൽ അകലെയാണ്. വിഴിഞ്ഞത്തിനു പകരം ഇവിടങ്ങളിലെത്താൻ 50 മണിക്കൂറിലേറെ അധികയാത്ര വേണം.

എം.എസ്‌.സിയുടെ കപ്പലുകളാണ് വിഴിഞ്ഞത്തെത്തുന്നതിൽ ഭൂരിഭാഗവും. മറ്റു കമ്പനികളുടെ കപ്പലുകളും ഇപ്പോൾ വിഴിഞ്ഞത്തടുപ്പിക്കാൻ വഴിതേടുകയാണ്. 24 മണിക്കൂറും ഒരുപോലെ പ്രവർത്തിക്കുന്ന തിരക്കേറിയ തുറമുഖമാണ് വിഴിഞ്ഞമിപ്പോൾ. നങ്കൂരമിടാനായി കപ്പലുകൾ കാത്തുകിടക്കുന്നു. ഇതുവരെ 869 കപ്പലുകളാണ് വിഴിഞ്ഞത്തടുത്തത്. 18.20ലക്ഷത്തിലേറെ കണ്ടെയ്നറുകളുമെത്തി.

അതിവേഗം വളരുന്നു

രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖമാണ് വിഴിഞ്ഞം. പ്രതിമാസം ശരാശരി 60 കപ്പലുകളെത്തുന്നു. അടുത്തഘട്ടവികസനം 2028ൽ പൂർത്തിയാവുന്നതോടെ ഒരേസമയം 5 കൂറ്റൻ കപ്പലുകൾക്ക് നങ്കൂരമിടാനാവും. 800മീറ്റർ ബർത്ത് 2000 മീറ്ററാക്കും. 3.1കിലോമീറ്റർ പുലിമുട്ട് 4കിലോമീറ്ററുമാക്കും.

നിലവിലെ പരിമിതികൾ

1. നിലവിലുള്ളത് തികയാതെ,​ താത്കാലിക ബർത്തും ഒരുക്കിയാണ് കണ്ടെയ്നറുകൾ സൂക്ഷിക്കുന്നത്. അതിനാൽ അന്യരാജ്യങ്ങളിലേക്കുള്ള കപ്പലുകൾക്ക് സൗകര്യമൊരുക്കാൻ പ്രയാസം

2. ബർത്തുകളുടെയും പുലിമുട്ടിന്റെയും നിർമ്മാണം തീരാൻ 2028 ഡിസംബറാവും. അടിസ്ഥാനസൗകര്യ വികസനത്തിന് സംരംഭകരുണ്ടെങ്കിലും ഭൂമി ലഭ്യമാകാത്തത് വെല്ലുവിളി

ഇന്ധനത്തിനും വിഴിഞ്ഞം

ഐ.ഒ.സിയുടെ ലിക്വിഡ് ടെർമിനൽ പൂർത്തിയാവുന്നതോടെ ദീർഘദൂര കപ്പലുകൾക്ക് വിഴിഞ്ഞത്ത് ഇന്ധനം നിറയ്ക്കാം. തെക്കുകിഴക്കനേഷ്യയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയിൽ അന്താരാഷ്ട്ര കപ്പൽച്ചാലിനടുത്ത് ഇന്ധനം നിറയ്ക്കാൻ വിഴിഞ്ഞത്താവും സൗകര്യം

₹10,000കോടി

അടുത്തഘട്ട വികസനത്തിന്

അദാനി മുടക്കുന്നത്

ഇനി വരുന്നത്

1. കണ്ടെയ്നർ സംഭരണയാർഡ്

2. 1220മീ. മൾട്ടിപർപ്പസ് ബർത്ത്

3. 250മീ.ലിക്വിഡ് ടെർമിനൽ

4. തുറമുഖ റെയിൽപ്പാത

5. ഐ.ഒ.സിയുടെ ടാങ്ക്ഫാം


Source link

Back to top button