‘ചിലർ ടീമിൽ റൺസ് നേടുന്നതിനെക്കാൾ കൂടുതൽ ബബിൾഗം ചവയ്‌ക്കുന്നു’, സൂപ്പർതാരത്തിനെതിരെ മുംബയ് ആരാധകർ കലിപ്പിൽ

മുംബയ്: ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡി കോക്കിന്റെ തകർപ്പൻ സെഞ്ച്വറിയുണ്ടായിട്ടും ബൗളിംഗിൽ അമ്പേ പരാജയപ്പെട്ട് കഴിഞ്ഞ മത്സരവും മുംബയ് ഇന്ത്യൻസ് തോറ്റിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ 21 പന്തുകൾ ബാക്കി നിൽക്കെയാണ് അവർ പരാജയപ്പെട്ടത്. പഞ്ചാബിനായി ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗ് 39 പന്തിൽ പുറത്താകാതെ 80, നായകൻ ശ്രേയസ് അയ്യർ (35 പന്തിൽ 66) എന്നിവർ ഉറച്ചുനിന്നതോടെയാണ് മുംബയ് ഇന്ത്യൻസ് മുട്ടുമടക്കിയത്.
ഇന്ത്യക്കായി ലോകകപ്പ് നേടിയ രണ്ട് ക്യാപ്റ്റന്മാരുണ്ടായിട്ടും മറ്റ് അന്താരാഷ്‌ട്ര ടീമുകളുടെ നായകന്മാരുണ്ടായിട്ടും ലോകത്തെ ഏറ്റവും മികച്ച ബൗളർ ടീമിലുണ്ടായിട്ടും അഞ്ചിൽ ഒരു മത്സരം മാത്രമാണ് മുംബയ് ഇതുവരെ ജയിച്ചത്. ഇവരിൽ പല സൂപ്പർതാരങ്ങളും ഇതുവരെ അവസരത്തിനൊത്ത് ഉയർന്നിട്ടുപോലുമില്ല. ഇക്കൂട്ടത്തിൽ പ്രധാനിയാണ് ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനും മുംബയിലെ മൂന്നാമനുമായ സൂര്യകുമാർ യാദവ്. അഞ്ച് മത്സരങ്ങളിൽ വെറും 106 റൺസ് മാത്രമാണ് താരം നേടിയത്. 21.20 ആണ് ശരാശരി. ഡൽഹി ക്യാപിറ്റൽസിനോട് നേടിയ 51 റൺസ് ആണ് ഈ സീസണിലെ ഉയർന്ന സ്‌കോർ.
ട്വന്റി 20 ലോകകപ്പിലും നിർണായക മത്സരങ്ങളിൽ സൂര്യയുടെ പ്രകടനം അത്ര നന്നായിരുന്നില്ല. സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 18 റൺസും സെമിയിൽ ഇംഗ്ളണ്ടിനെതിരെ 11ഉം ഫൈനലിൽ ന്യൂസിലാന്റിനെതിരെ ഗോൾഡൻ ഡക്കുമായിരുന്നു സ്‌കോർ. ഈ മൂന്ന് മത്സരങ്ങളിലെ ഗംഭീര പ്രകടനമാണ് സഞ്ജുവിനെ പരമ്പരയിലെ താരമാക്കിയത്. സഞ്ജുവിന്റെ ഗംഭീര പ്രകടനം ഇന്ത്യയ്ക്ക് ലോകകപ്പും നേടിത്തന്നു.
ഐപിഎല്ലിൽ പഞ്ചാബിനെതിരെ നേരിട്ട ആദ്യ പന്തിൽ സ്‌കൈ പുറത്തായിരുന്നു. ഇതോടെ ആരാധകർ ഇക്കാര്യങ്ങളെല്ലാം ഓർമ്മിപ്പിച്ച് സൂര്യയെ രൂക്ഷമായി വിമർശിക്കുകയാണ്. ‘ടീമിലെ ചിലർ റൺസ് നേടുന്നതിനെക്കാൾ കൂടുതൽ ബബിൾഗം ചവയ്‌ക്കുന്നു’, ‘സൂര്യ 360 ഡിഗ്രി അല്ല മൈനസ് 360 ഡിഗ്രി ആണ്’, ‘2007 മുതൽ ക്രിക്കറ്റ് കാണുകയാണ് ടീമിന് ആവശ്യമുള്ളപ്പോൾ സൂര്യകുമാർ യാദവോ രോഹിത്ത് ശർമ്മയോ മുന്നിട്ടിറങ്ങുന്നത് കണ്ടിട്ടില്ല.’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ ചിലരാകട്ടെ സൂര്യയുടെ ടി20 കരിയർ അവസാനിച്ചെന്നും ട്വന്റി20 ലോകകപ്പ് നേടിയത് അദ്ദേഹത്തിന്റെ ഭാഗ്യം മാത്രമാണെന്ന് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നു.
Source link


