test del 3

30,000 കോടി രൂപ കേരളത്തിൽ ചെലവഴിക്കുന്ന തൊഴിലാളികൾ; അവർ ഒറ്റയടിക്ക് മടങ്ങിയാൽ?


കൊച്ചി∙ 35–40 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതിൽ എറണാകുളം ജില്ലയിൽ മാത്രം ഏകദേശം 6 ലക്ഷം മുതൽ 8 ലക്ഷം വരെ തൊഴിലാളികളുണ്ട്. ഇവരിൽ 70–80 ശതമാനം പേർ ഒറ്റയടിക്ക് നാടുവിട്ടാൽ എന്തു സംഭവിക്കും? ഇതാണ് ഇപ്പോൾ പെരുമ്പാവൂരും സമീപപ്രദേശങ്ങളിലുമുള്ള പ്ലൈവുഡ് ഫാക്ടറികളും ജില്ലയിലെ ഒട്ടുമിക്ക ഹോട്ടലുകളും കെട്ടിട, റോഡ് നിർമാണ മേഖലയുമൊക്കെ നേരിടുന്നത്. അസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മൂലം രണ്ടു മാസം മുമ്പ് ആരംഭിച്ച ഈ ‘മടക്കം’ ജൂൺ ആദ്യവാരത്തോടെ അവസാനിക്കുമെന്നാണ് കണക്കാക്കുന്നത്. തൊഴിലാളികളുടെ അഭാവം മൂലം സ്വകാര്യ ബസ് സർവീസുകളുടെ വരുമാനത്തിൽ പോലും കുറവുണ്ടാകുന്നുവെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചുരുക്കത്തിൽ, എറണാകുളത്തെ സാമ്പത്തികചക്രം തിരിയുന്നതിൽ ഈ ‘ഭായിമാർ’ക്ക് നിർണായക സ്ഥാനമുണ്ട്. അവർ മടങ്ങുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ജില്ലയിലെ വികസന പ്രവർത്തനങ്ങളെയും ദൈനംദിന ജീവിതത്തെയും നേരിട്ടു ബാധിക്കുകയും ചെയ്യുന്നു.പ്ലൈവുഡ് ഫാക്ടറികളുടെ പ്രവർത്തനത്തെ മാത്രമല്ല, ഇതര സംസ്ഥാന തൊഴിലാളികളാൽ ചലിക്കപ്പെടുന്ന വലിയൊരു സമ്പദ്‍വ്യവസ്ഥ കൂടി നിശ്ചലമാകുന്നു എന്ന അവസ്ഥയും കേരളത്തിലുണ്ട്. ശരാശരി 600 – 800 രൂപയാണ് പ്ലൈവുഡ് ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരുടെ ദിവസ ശമ്പളം. കുറഞ്ഞത് 150 പേരെങ്കിലും ഓരോ ഫാക്ടറിയിലും ജോലി ചെയ്യുന്നുണ്ട്. ഇതിൽ തന്നെ അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. ബിഹാർ, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി. വലിെയാരു ശതമാനം ഇതര സംസ്ഥാനക്കാരും നിലവിൽ തങ്ങളുടെ കുടുംബങ്ങളെയും കൂട്ടി കേരളത്തിലേക്ക് ജീവിതം പറിച്ചുനട്ടവരാണ്. ഇതര സംസ്ഥാനക്കാർ ശരാശരി ഒരു വർഷം 45,000–50,000 കോടി രൂപയെങ്കിലും കേരളത്തിൽനിന്ന് സമ്പാദിക്കുന്നുണ്ട്. ഇതിൽ 17,000–20,000 കോടി രൂപ ഇവർ സ്വന്തം നാടുകളിേലക്ക് അയയ്ക്കുന്നു. അതായത്, 30,000 കോടി രൂപയെങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ചെലവഴിക്കുന്നുണ്ട്. ഇതര സംസ്ഥനക്കാർ ജോലി ചെയ്യുന്ന മേഖലകളിലെ പലചരക്കു കടകൾ തുടങ്ങിയ ചെറുകിട വ്യാപാര മേഖല പൂർണമായും ആശ്രയിക്കുന്നതും ഇവരെയാണ്. ഇവർ നാടുവിടുന്നതോടെ ഈ മേഖലയിലും പണമൊഴുക്ക് നിലയ്ക്കും.പ്ലൈവുഡ് നിർമാതാക്കൾക്ക് നല്ല ലാഭം കിട്ടാറുള്ള സമയത്തു തന്നെയാണ് പ്രതിസന്ധിയും ഉണ്ടായതെന്ന് ഷാജി റാഫേൽ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ മുതൽ പുതിയ തൈകൾ വയ്ക്കുന്നതിനാൽ മാർച്ച് മുതൽ മേയ് മാസം വരെയുള്ള സമയത്താണ് മരങ്ങൾ കൂടുതലായി മുറിക്കുന്നത്. റബർ ഉൾപ്പെടെ ഇത്തരത്തിൽ മുറിക്കുമ്പോൾ തടി തങ്ങൾക്ക് വിലക്കുറവിൽ കിട്ടേണ്ടതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. പ്ലൈവുഡ് കമ്പനി ഉടമകൾ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് ഫോർമലിന്റെ വിലവർധന. പ്ലൈവുഡ് ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന പശയായ റെസിന്റെ നിർമാണത്തിന് ഫോർമലിൻ കൂടിയേ കഴിയൂ. ഈ ഫോർമലിൻ ഉണ്ടാക്കുന്നതിനുള്ള മെഥനോൾ ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ യുദ്ധം മൂലം ഫോർമലിൻ കിട്ടാതായെന്നും മുമ്പ് 14–16 രൂപയ്ക്ക് ഒരു കിലോ കിട്ടിയിരുന്നത് ഇപ്പോൾ കിലോയ്ക്ക് 28 രൂപയായി. ഇതും പ്ലൈവുഡ് വ്യവസായത്തിന് തിരിച്ചടിയാണെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു.


Source link

Back to top button