test del 3
71ന്റെ മാന്ത്രികത അവസാനിക്കുന്നു ?, ഭൂരിപക്ഷം തികയ്ക്കാൻ വേണം 106; അടിമുടി മാറും

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സർക്കാരുണ്ടാക്കാനുള്ള 71 സീറ്റ് ഏത് മുന്നണി നേടുമെന്ന ചർച്ചയാണ് എവിടെയും. അതിനിടെ, വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ പാർലമെന്റിൽ ഇന്ന് അവതരിപ്പിക്കുമ്പോൾ ഏതാണ്ട് ഒരു കാര്യം ഉറപ്പാണ്. സംസ്ഥാനത്ത് ഏപ്രിൽ 9ന് നടന്നത് 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അവസാന നിയമസഭാ തിരഞ്ഞെടുപ്പാണ്. നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിക്കുന്നതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സീറ്റുകളുടെ എണ്ണം 210 ആയേക്കാം. അങ്ങനെയെങ്കിൽ ഒരു മുന്നണിക്ക് സർക്കാരുണ്ടാക്കാൻ വേണ്ട ഭൂരിപക്ഷം നിലവിലെ 71ൽ നിന്ന് 106 ആയി ഉയരും. സിപിഎം, കോൺഗ്രസ്, ബിജെപി കക്ഷികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം നൂറിനു മുകളിലേക്ക് ഉയരും. ആനുപാതികമായി ഘടകക്ഷികളുടെയും സീറ്റുകളുടെ എണ്ണം കൂടും. മുസ്ലിം ലീഗും സിപിഐയും മത്സരിക്കുന്ന സീറ്റുകൾ നാൽപതിനോട് അടുത്തോ അതിനു മുകളിലോ ആയേക്കാം. സ്വാധീനമേഖലകളിൽ അധിക സീറ്റുകൾ ചോദിച്ച് ചെറുകക്ഷികളും രംഗത്തെത്തും. വനിതാ സംവരണ നടപ്പിലാകുന്നതോടെ, സ്ഥാനമോഹകിളായ പുരുഷന്മാരെ സംബന്ധിച്ച് സീറ്റുകളുടെ എണ്ണം കൂടിയാലും ആഗ്രഹിച്ച സീറ്റ് ലഭിച്ചെന്ന് വരില്ല. വർഷങ്ങളായി കൈയ്യടക്കി വച്ചിരിക്കുന്ന കുത്തക മണ്ഡലങ്ങൾ പലർക്കും കൈവിടേണ്ടിയും വരും. സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി രാജ്യസഭ സീറ്റുകളുടെയും എണ്ണം വർധിക്കും. 1965ൽ മണ്ഡല പുനർനിർണയത്തെത്തുടർന്ന് മണ്ഡലങ്ങളുടെ എണ്ണം 133 ആയി വർധിപ്പിച്ചു. എന്നാൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ആ തിരഞ്ഞെടുപ്പിൽ ജയിച്ചവർക്കൊന്നും സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1967, 1970 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും 133 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 1977 മുതൽ മണ്ഡലങ്ങളുടെ എണ്ണം 140 ആയി നിശ്ചയിക്കുകയും അന്നുമുതൽ ഇന്നുവരെ 140 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് തുടരുകയും ചെയ്യുന്നു. 2008ൽ മണ്ഡല പുനർനിർണയം നടന്നെങ്കിലും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർധിച്ചിരുന്നില്ല. വമ്പൻ കോന്നി, എണ്ണത്തിൽ തിരൂർ
പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലമാണ് നിലവിൽ വിസ്തീർണത്തിൽ ഏറ്റവും വലുത്. ഏകദേശം 1,611.93 ചതുരശ്ര കിലോമീറ്റർ ആണ് കോന്നി മണ്ഡലത്തിന്റെ വിസ്തൃതി. വനമേഖലകൾ ധാരാളമായി ഉൾപ്പെടുന്ന ഒരു മണ്ഡലമാണിത്. വിസ്തീർണത്തിൽ മുന്നിലുള്ള മറ്റ് ചില മണ്ഡലങ്ങൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, ദേവികുളം എന്നിവയാണ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലം മലപ്പുറം ജില്ലയിലെ തിരൂരാണ്. മണ്ഡലത്തിൽ 2,55,441 വോട്ടർമാരാണുള്ളത്. ഇതിൽ 1.28 ലക്ഷം പുരുഷന്മാരും 1.27 ലക്ഷം സ്ത്രീകളും ഉൾപ്പെടുന്നു. ഏറ്റവും കുറഞ്ഞ വോട്ടർമാരുള്ള മണ്ഡലം എറണാകുളമാണ് (1.36 ലക്ഷം വോട്ടർമാർ).
Source link


