ജസ്റ്റിസ് കെ. ബാബുവിന് നാളെ യാത്രഅയപ്പ്

കൊച്ചി: വിരമിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ബാബുവിന് നാളെ ഫുൾ കോർട്ട് റഫറൻസോടെ യാത്രഅയപ്പ് നൽകും. ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡി. സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ. കൊറ്റം എന്നിവർ പ്രസംഗിക്കും. ജസ്റ്റിസ് ബാബു മറുപടി പറയും. വേനലവധിക്കിടെ മേയ് എട്ടിനാണ് ജസ്റ്റിസ് കെ. ബാബു വിരമിക്കുന്നത്. കൊല്ലം തേവന്നൂർ സ്വദേശിയായ കെ. ബാബു എം.ജി സർവകലാശാലയിൽ നിന്ന് എം.എൽ.എം നേടിയ ശേഷം കൊട്ടാരക്കരയിലും കൊല്ലത്തും അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2009ൽ ജില്ലാ സെഷൻസ് ജഡ്ജിയായി ജുഡിഷ്യൽ സർവീസിലെത്തി. കൊച്ചി സി.ബി.ഐ കോടതി സ്പെഷ്യൽ ജഡ്ജ്, ശബരിമല സ്പെഷ്യൽ കമ്മിഷണർ, ഹൈക്കോടതി രജിസ്ട്രാർ, സുപ്രീംകോടതി രജിസ്ട്രാർ (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി), തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, സുപ്രീം കോടതി നിയോഗിച്ച ശ്രീപദ്മനാഭ ക്ഷേത്ര സമിതി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 2021ൽ ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി. 2022ൽ സ്ഥിരം ജഡ്ജിയായി.
Source link


