വാർഷിക പരീക്ഷാ വിവാദം: വീഴ്ച ഒരൊറ്റ സ്കൂളിലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പർ വിതരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒൻപതാം ക്ലാസ് വാർഷിക പരീക്ഷയിൽ കലാ-കായിക-ആരോഗ്യ-പ്രവൃത്തി പരിചയ വിഷയങ്ങളുടെ ചോദ്യപേപ്പർ ഇ-മെയിലായി അയച്ചു നൽകിയെന്ന പരാതികളിൽ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ മാത്രമാണ് ചോദ്യപേപ്പർ വിതരണത്തിൽ ആശയക്കുഴപ്പമുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തെ മറ്റ് സ്കൂളുകളിലെല്ലാം പരീക്ഷ സുഗമമായാണ് നടന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വകുപ്പ് അറിയിച്ചു. പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.എസ്.ടി.എ. ചോദ്യപേപ്പറുകൾ ബി.ആർ.സികൾ വഴി സ്കൂളുകളിലേക്ക് മെയിൽ അയയ്ക്കുന്ന രീതി പരീക്ഷകളുടെ സുതാര്യതയെ ബാധിക്കുമെന്ന് സംഘടന കുറ്റപ്പെടുത്തി. ഒൻപതാം ക്ലാസിലെ ചോദ്യപേപ്പറിൽ പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്താതിരുന്നത് അനാസ്ഥയാണെന്നും ഇതിനെതിരെ സമൂഹം പ്രതികരിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Source link
