ഹോർമുസ് പ്രതിസന്ധി തീരുന്നതിനുമുമ്പ് ഇന്ത്യയ്ക്ക് മറ്റൊരു ഇരുട്ടടി, ഒരുമാസത്തോളം പൂട്ടിയിടുന്നത് രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണ പ്ലാന്റ്

ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് ക്രൂഡോയിൽ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് മറ്റൊരു ഇരുട്ടികൂടി. റഷ്യൻ എണ്ണക്കമ്പനിയുടെ പങ്കാളിത്തമുള്ള നയാര എനർജിയുടെ എണ്ണശുദ്ധീകരണ പ്ലാന്റ് 35 ദിവസത്തേക്ക് അടച്ചിടുകയാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏപ്രിൽ ആദ്യ ആഴ്ചമുതലാണ് അടച്ചിടുന്നത്. ഇതോടെ രാജ്യത്തെ ക്രൂഡോയിൽ ശുദ്ധീകരണശേഷിയിൽ എട്ടുശതമാനത്തോളം കുറവുണ്ടായേക്കും എന്നാണ് കണക്കാക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് ഇന്ധന പ്രതിസന്ധിക്ക് ഇടയാക്കുമോ എന്ന ആശങ്ക കടുക്കുകയാണ്. പ്രതിവർഷം 20 ദശലക്ഷം ടൺ ശുദ്ധീകരണശേഷിയുള്ള ഗുജറാത്തിലെ വാദിനാർ റിഫൈനറിയാണ് അടച്ചിടുന്നതെന്നാണ് റിപ്പോർട്ട്.രാജ്യത്തുള്ള 7,000 നയാര പമ്പുകൾക്കും പൊതുമേഖലാ കമ്പനികൾക്കുമാണ് ഇവിടെനിന്നും എണ്ണ നൽകുന്നത്. കഴിഞ്ഞവർഷമാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നത്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന് ഇത് മാറ്റിവച്ചിരുന്നു. അറ്റകുറ്റപ്പണികളിൽ ചില യൂറോപ്യൻ കമ്പനികളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. എന്നാൽ ഉപരോധം നിലനിൽക്കുന്നതിനാൽ കമ്പനികൾ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു. എന്നാലിപ്പോൾ റഷ്യയ്ക്കുമേലുള്ള ഉപരോധം അമേരിക്കയടക്കമുള്ള രാജ്യങ്ങൾ അവസാനിപ്പിച്ചതോടെയാണ് അറ്റകുറ്റപ്പണിക്കുളള അവസരം വന്നത്. നാലുവർഷം കൂടുമ്പോഴാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനായി ശുദ്ധീകരണശാല അടച്ചിട്ടാലും നയാര പമ്പുകൾക്കുൾപ്പെടെ ഇന്ധനപ്രതിസന്ധിയുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആവശ്യത്തിന് പെട്രോളിയം ഉല്പന്നങ്ങൾ ഇപ്പോൾത്തന്നെ സ്റ്റോക്കുചെയ്തിട്ടുണ്ട്.എന്നാൽ ശുദ്ധീകരണശാല അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ പങ്കാളിത്തമാണ് നയാര എനർജിയിലുളളത്.
Source link
