സർവകക്ഷി യോഗത്തിൽ സർക്കാർ: ആശങ്ക വേണ്ട, ഹോർമുസ് വഴി കപ്പലുകൾ വരും

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിലും ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ. ഇന്ധനവില വർദ്ധിപ്പിക്കുന്നത് ആലോചനയിലില്ല. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത വഴിയൊരുക്കാനായത് നയതന്ത്ര വിജയമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ വരുമെന്നും അറിയിച്ചു.
രാജ്യത്ത് ആവശ്യത്തിനുള്ള ക്രൂഡ് ഓയിൽ, എൽ.പി.ജി, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും ഊർജ്ജ സുരക്ഷയിൽ ആശങ്ക വേണ്ടെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വിശദീകരിച്ചു. എൽ.പി.ജി, എണ്ണ വിതരണം സുഗമാക്കാൻ കഴിയും വിധം സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ആഭ്യന്തര വാതക ഉൽപ്പാദനം സംഘർഷത്തിന്റെ തുടക്കത്തിൽ 28% ആയിരുന്നത് ഇപ്പോൾ 60% ആയി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യൻ കപ്പലുകൾ മിക്ക രാജ്യങ്ങൾക്കും ഉപരോധമുള്ള ഹോർമുസ് കടലിടുക്ക് കടന്നെത്തിയത് സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയെ കാഴ്ചക്കാരാക്കി പാകിസ്ഥാൻ പശ്ചിമേഷ്യൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്നത് നാണക്കേടാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ന്യൂഡൽഹി എല്ലാ കക്ഷികളുമായും ബന്ധപ്പെടുന്നുണ്ടെന്നും മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ, ഉൗർജ്ജ സുരക്ഷ എന്നിവയ്ക്കാണ് സർക്കാർ മുൻ തൂക്കം നൽകുന്നതെന്നും മന്ത്രിമാർ മറുപടി നൽകി. ശ്രീലങ്കയ്ക്ക് സമീപമുള്ള അന്തർവാഹിനികളുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് അവർ വ്യക്തമാക്കി.
Source link



