LATEST

സഞ്ജുവിനൊപ്പം ഐപിഎൽ ടീമിലുണ്ടായിരുന്ന താരം, ഇന്ന് 16,000 കോടി മുടക്കി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്വന്തമാക്കി ഈ യുവാവ്


ബംഗളൂരു: റെക്കോഡ് തുകയ്‌ക്കാണ് ആദിത്യ ബിർള ഗ്രൂപ്പ് അടങ്ങിയ കൺസോർഷ്യം ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. 1.78 ബില്യൺ (16,000 കോടിരൂപയിലധികം) ഡോളറിനാണ് ആദിത്യ ബിർള ഗ്രൂപ്പ്, അമേരിക്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ബ്‌ളാക്‌ സ്റ്റോൺ ഇൻവെസ്‌റ്റ്മെന്റ് ഗ്രൂപ്പ്, ഡേവിഡ് ബ്‌ളിറ്റ്‌സേഴ്‌സിന്റെ ബോൾട് വെഞ്ച്വേഴ്‌സ് എന്നിവരടങ്ങിയ കൺസോർഷ്യം ചൊവ്വാഴ്‌ച ആർസിബിയെ വാങ്ങിയത്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകൻ ആര്യമാൻ ബിർളയാണ് ഇനിമുതൽ ആർസിബിയുടെ ചെയർമാൻ.മലയാളി താരം സഞ്ജു സാംസണടങ്ങുന്ന രാജസ്ഥാൻ റോയൽസ് 2018 ഐപിഎൽ സീസണിൽ 30 ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കിയ താരമായിരുന്നു മുൻപ് ആര്യമാൻ ബിർള. ആഭ്യന്തര ക്രിക്കറ്റിൽ മദ്ധ്യപ്രദേശിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് 28കാരനായ ആര്യമാൻ ബിർള. അന്ന് ആർസിബിയുടെ നായകൻ രജത് പാട്ടിദാർ, വെങ്കിടേഷ് അയ്യർ തുടങ്ങി താരങ്ങളോടൊപ്പം ആര്യമാൻ കളിച്ചിരുന്നു. ഇന്ന് അവരുടെയെല്ലാം ഫ്രാഞ്ചൈസിയുടെ ഉടമയായി ആര്യമാൻ എത്തുകയാണ്.മദ്ധ്യപ്രദേശിനായി ഒൻപത് ഫസ്‌റ്റ് ക്ളാസ് മത്സരങ്ങൾ ആര്യമാൻ കളിച്ചിട്ടുണ്ട്. 414 റൺസും നേടി. ഇതിൽ ബംഗാളിനെതിരെ ഈഡൻ ഗാർഡൻസിൽ വച്ച് ഒരു സെഞ്ച്വറിയും നേടി. നാല് ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 36 റൺസും ആര്യമാൻ നേടിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയെങ്കിലും ഒരു ഐപിഎൽ മത്സരം പോലും ആര്യമാന് കളിക്കാനായില്ല. 2020ൽ താരത്തെ റിലീസ് ചെയ്യുകയും ചെയ്‌തു. ഏതാണ്ട് ഈ കാലത്ത് തന്നെ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ ആര്യമാൻ തീരുമാനിച്ചു. പിന്നീട് തിരികെ ക്രിക്കറ്റിലേക്ക് വന്നില്ല. ആദിത്യ ബിർള മാനേജ്‌മെന്റ് കോർപറേഷനിൽ ഡയറക്‌ടറായി.


Source link

Related Articles

Back to top button