കന്നുകാലി കടത്ത് തടയാൻ ശ്രമിച്ചു; ഗോസംരക്ഷകൻ ട്രക്കിടിച്ച് കൊല്ലപ്പെട്ടു, പ്രതിഷേധവുമായി പ്രദേശവാസികൾ

ലക്‌നൗ: കന്നുകാലി കടത്തുകാരുടെ വാഹനമിടിച്ച് ഗോസംരക്ഷകൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിൽ നവിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ‘ഫർസ വാലെ ബാബ’ എന്നറിയപ്പെടുന്ന ചന്ദ്രസേഖർ ആണ് മരിച്ചത്.കന്നുകാലി കടത്തുകാരെന്ന് സംശയിച്ച് ചന്ദ്രശേഖർ ഇന്നലെ രാത്രി മോട്ടോർ സൈക്കിളിൽ ഒരു ട്രക്കിനെ പിന്തുടരുകയായിരുന്നു. ഇതിനിടെ പ്രതികൾ വാഹനം ഇയാളുമേൽ ഇടിച്ചുകയറ്റി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വച്ചുതന്നെ ഒരു പ്രതിയെ പിടികൂടി. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അനധികൃത കന്നുകാലി കടത്തിന് വാഹനം ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.ചന്ദ്രശേഖറുടെ മരണത്തിൽ പ്രദേശവാസികൾ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി. നാട്ടുകാർ റോഡ് ഉപരോധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കർശന നടപടി സ്വീകരിക്കുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Source link


