LATEST

പെരുമ്പാവൂരിൽ സീറ്റില്ല; ഡിസിസി അദ്ധ്യക്ഷസ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി, പ്രതികരിക്കാതെ കെപിസിസി


കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പുതിയ ഉപാധിയുമായി സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പെരുമ്പാവൂരിന് പകരം എറണാകുളം ഡിസിസി അദ്ധ്യക്ഷസ്ഥാനം തനിക്ക് വേണമെന്നാണ് എൽദോസിന്റെ ആവശ്യം. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചെങ്കിലും കെപിസിസി ഇതുവരെ അനുകൂലമായ പ്രതികരണങ്ങളൊന്നും നൽകിയില്ല.എൽദോസിനെതിരെയുള്ള നിയമനടപടികളും വിവാദങ്ങളുമാണ് സീറ്റ് നിഷേധിക്കാൻ പ്രധാന കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടൻ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഹൈക്കമാൻഡ് അംഗീകരിച്ച പാനലിൽ നിന്നാണ് മനോജിനെ തിരഞ്ഞെടുത്തത്. നിലവിലെ എറണാകുളം ഡിസിസി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെയാണ് അദ്ധ്യക്ഷസ്ഥാനത്തിനായി എൽദോസ് അവകാശവാദം ഉന്നയിച്ചത്.ഇതിനിടെ,​ എൽദോസ് കുന്നപ്പിള്ളിയെ ഒഴിവാക്കിയതിൽ ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്. സമാനമായ വിവാദങ്ങളിൽപ്പെട്ട പികെ ശശിയെപ്പോലുള്ളവരെ യുഡിഎഫ് പിന്തുണയ്ക്കുമ്പോൾ എൽദോസിനെ മാത്രം മാറ്റിനിർത്തുന്നത് എന്തിനാണെന്ന് ഇവർ ചോദിക്കുന്നത്. മണ്ഡലത്തിൽ എൽദോസിന് ശക്തമായ സ്വാധീനമുണ്ടെന്നും അദ്ദേഹത്തെ മാറ്റുന്നത് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു. മണ്ഡലത്തിൽ ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡ് പരിഗണിച്ചിരുന്നത്. ഒടുവിൽ മനോജ് മൂത്തേടനിലേക്ക് തീരുമാനം എത്തുകയായിരുന്നു.


Source link

Related Articles

Back to top button