LATEST

ഒരിഞ്ചുപിന്നോട്ടില്ലാതെ കെ സുധാകരൻ, ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച അതി നിർണായകം


ന്യൂഡൽഹി: എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം വന്നിട്ടും ഒരിഞ്ചുപോലും പിന്മാറാതെ കെ സുധാകരൻ. എന്തുസംഭവിച്ചാലും കണ്ണൂർ സീറ്റിൽ നിന്ന് താൻ മത്സരിക്കുമെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് അദ്ദേഹം. ഇക്കാര്യം ഹൈക്കമാൻഡിനെ സുധാകരൻ ഇന്ന് അറിയിക്കും. തീരുമാനത്തിൽ മാറ്റംവരുത്താനായി പാർട്ടിയിലെ ഉന്നതർ സംസാരിച്ചെങ്കിലും അക്കാര്യം പുനഃപരിശോധിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരൻ. ഹൈക്കമാൻഡുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായി സുധാകരൻ ഡൽഹിയിലെത്തിയിട്ടുണ്ട്. ഡൽഹിയിലേക്ക് യാത്രതിരിക്കുന്നതിനുമുമ്പ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലാകാർജുൻ ഖാർഗെ സുധാകരനുമായി സംസാരിച്ചിരുന്നു. തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകണം എന്ന് ഖാർഗെയോട് സുധാകരൻ ആവശ്യപ്പെട്ടതായാണ് വിവരം.സുധാകരന്റെ നിലപാടിനോട് ജില്ലയിലെ ഒരുവിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. അനാവശ്യ വിവാദം എന്നാണ് അവർ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് അവർ കത്തയയ്ക്കുകയും ചെയ്തു. ജില്ലയിലെ സി പി എമ്മിൽ കൂട്ടക്കുഴപ്പങ്ങൾ അരങ്ങേറുന്ന വേളയിൽ പരമാവധി സീറ്റുകൾ ഉറപ്പിക്കാനായിരിക്കണം നേതാക്കൾ ഉൾപ്പെടെയുള്ളവർ ശ്രമിക്കേണ്ടതെന്നും അതിന് സുധാകരന്റെ നിലപാടുകൾ തടസമാകുമെന്നുമാണ് സുധാകര വിരുദ്ധർ പറയുന്നത്. എന്നാൽ പരസ്യ നിലപാടെടുക്കാൻ ഇവരാറും ഒരുക്കമല്ല. ജില്ലയിൽ പാർട്ടി അണികളിൽ സുധാകരനുള്ള സ്വാധീനമാണ് ഇതിന് കാരണം. അതിനിടെ കണ്ണൂർ ഡി സി സി ഓഫീസിനുമുന്നിൽ സുധാകരന് അനുകൂലമായ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂരിന്റെ ഹൃദയമെന്നാണ് സുധാകരനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, തർക്ക മണ്ഡലങ്ങൾ ഒഴിവാക്കി സിറ്റിംഗ് സീറ്റുകളിലെ അടക്കം സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയ 31 സ്ഥാനാർത്ഥികളുടെ പട്ടിക നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് പിന്നാലെ പുറത്തു വിടാനിരുന്നതാണ്. കേരള കോൺഗ്രസ് അടക്കം ഘടകക്ഷികളുമായുള്ള സീറ്റ് വിഭജന തർക്കം മൂലം നേരത്തെ തീരുമാനിച്ച ചില മണ്ഡലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു.അതേസമയം സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂതനൻ മിസ്‌ത്രി ആശുപത്രിയിലായത് മൂലം ചർച്ചകൾ നീളുന്നുവെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയും തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേർന്ന് തീരുമാനമെടുത്ത ശേഷം പട്ടിക പുറത്തു വിടുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.ചർച്ച തുടരുകയാണെന്നും അഖിലേന്ത്യാ പാർട്ടിയായതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.


Source link

Related Articles

Back to top button