ഫോർമുല വൺ ട്രാക്കിലും യുദ്ധഭീതി; ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീകൾ റദ്ദാക്കി, നിരാശയോടെ ആരാധകർ

ജിദ്ദ: ലോകമെമ്പാടുമുള്ള ഫോർമുല വൺ (എഫ് വൺ) പ്രേമികളെ നിരാശയിലാക്കി 2026 സീസണിലെ രണ്ട് പ്രധാന ഗ്രാൻഡ് പ്രീകൾ റദ്ദാക്കി. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത യുദ്ധ സാഹചര്യത്തെത്തുടർന്നാണ് മത്സരങ്ങൾ റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാൽ അടുത്ത മാസം നിശ്ചയിച്ചിരുന്ന രണ്ട് റേസുകളും നടക്കില്ലെന്ന് ഇന്ന് രാവിലെയാണ് ഫോർമുല വൺ അധികൃതർ പ്രഖ്യാപിച്ചത്. ഏപ്രിൽ 12ന് നടക്കേണ്ടിയിരുന്ന ബഹ്റൈൻ ഗ്രാൻഡ്പ്രീയും, ഏപ്രിൽ 19ന് നടക്കേണ്ടിയിരുന്ന സൗദി അറേബ്യൻ ഗ്രാൻഡ്പ്രീയുമാണ് റദ്ദാക്കിയത്. ചൈനീസ് ഗ്രാൻഡ്പ്രീക്ക് മുന്നോടിയായാണ് നിർണായക പ്രഖ്യാപനമുണ്ടായത്.ടീമുകളുടെയും കാണികളുടെയും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഫെഡറേഷൻ ഇന്റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ (എഫ്ഐഎ) പ്രസിഡന്റ് മുഹമ്മദ് ബിൻ സുലായം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം കനത്തതോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലുണ്ടായ തടസങ്ങളും സുരക്ഷാ ഭീഷണികളുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചതെന്നാണ് വിവരം.ടൺ കണക്കിന് വരുന്ന ഉപകരണങ്ങളും നൂറുകണക്കിന് ജീവനക്കാരെയും കൃത്യസമയത്ത് സുരക്ഷിതമായി എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അസാദ്ധ്യമാണ്. മുൻപ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ റേസുകൾ മാറ്റി നടത്താറുണ്ടായിരുന്നു. ഇത്തവണ ബഹ്റൈനും സൗദിക്കും പകരമായി മറ്റൊരു വേദി കണ്ടെത്താൻ സാധിക്കില്ലെന്ന് എഫ് വൺ സിഇഒ സ്റ്റെഫാനോ ഡൊമെനിക്കാലി അറിയിച്ചു. ഇതോടെ 2026 സീസണിലെ ആകെ റേസുകളുടെ എണ്ണം 22 ആയി കുറഞ്ഞു.
Source link


