അന്താരാഷ്ട്ര ലഹരി വിൽപ്പനക്കാരനായ നൈജീരിയൻ പൗരനെ ഡൽഹിയിൽ നിന്ന് പിടികൂടി

കോഴിക്കോട്: പുതിയ ബസ്സ്റ്റാന്റിൽ വെച്ച്, അരക്കോടിയിലേറെ രൂപ വിലയുള്ള രാസലഹരി പിടികൂടിയ കേസിലെ പ്രധാന കണ്ണിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മൊത്ത വിൽപ്പനക്കാരനുമായ നൈജീരിയൻ സ്വദേശി ചുക്വജേക്വ എബെനെസിർ ഉമേഹിനെ (65) കസബ പൊലീസ് ഡൽഹിയിലെ തിലക് നഗറിൽ നിന്ന് പിടികൂടി. 2025 നവംബർ 24ന് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ അഞ്ചാമത്തെയാളാണിയാൾ. ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ വാട്ടർ ഹീറ്ററിനുള്ളിൽ സ്റ്റിക്കറുപയോഗിച്ച് ടാപ്പ് ചെയ്ത് കടത്തുകയായിരുന്ന 241.5 ഗ്രാം എം.ഡി.എം.എ, 43.500 ഗ്രാം വരുന്ന 90 ഓളം എക്സ്റ്റസി ഗുളികകൾ, 1.110 ഗ്രാമമുള്ള 99 എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവയുൾപ്പെടെ പിടികൂടിയിരുന്നു.
കോഴിക്കോട് തിരുവണ്ണൂർ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29), കുണ്ടുങ്ങൽ എം.സി ഹൗസിൽ ഷഹദ് (27) എന്നിവരെ കോഴിക്കോട് സിറ്റി ഡാൻസാഫും കസബ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. കേസിലെ മൂന്നും നാലും പ്രതികളായ കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് പുതിയമാളിയേക്കൽ വീട്ടിൽ ആദിൽ മഷൂദ് (27), കുറ്റിച്ചിറ സ്വദേശി വാടിയിൽ വീട്ടിൽ സിറാജുദ്ദീൻ (27) എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവിരം ലഭിച്ചത്. കസബ ഇൻസ്പെക്ടർ ജിമ്മി പി.ജെ, എ.എസ്.ഐ സജേഷ് കുമാർ, എസ്.സി.പി.ഒമാരായ ഷിജിത്ത്, ദീപു എന്നിവരടങ്ങുന്ന സംഘം കസ്റ്റഡിയിലെടുത്തത്. രണ്ട് മൊബൈൽ ഫോണുകളും പ്രതിയുടെ എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റും കണ്ടെടുത്തു. 10 വർഷം മുൻപ് ഇന്ത്യയിലെത്തിയ ഇയാൾ രേഖകളൊന്നുമില്ലാതെ താമസിച്ച് വരികയായിരുന്നു.
Source link



