കൊൽക്കത്തയിൽ ബിജെപി-തൃണമൂൽ സംഘർഷം: പ്രധാനമന്ത്രിയുടെ റാലിക്ക് മുന്നോടിയായി പ്രവർത്തകർ ഏറ്റുമുട്ടി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ‘പരിവർത്തൻ യാത്ര’യുടെ സമാപനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിക്ക് തൊട്ടുമുമ്പ് കൊൽക്കത്തയിൽ വ്യാപക സംഘർഷം. മദ്ധ്യ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിന് സമീപമാണ് ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ റാലിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും മുദ്രാവാക്യം വിളികളുമായി തെരുവിൽ ഏറ്റുമുട്ടി. യാതൊരു പ്രകോപനവുമില്ലാതെ തൃണമൂൽ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും വാഹനങ്ങൾ തകർത്തുവെന്നും ബിജെപി ആരോപിച്ചു. എന്നാൽ ബിജെപി പ്രവർത്തകരാണ് ആദ്യം അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. പ്രാദേശിക നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായതായി അവർ പരാതിപ്പെട്ടു.സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഏകദേശം 18,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നതിന്റെ സൂചനയായാണ് ഈ സംഘർഷം വിലയിരുത്തപ്പെടുന്നത്.
Source link



