LATEST

ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു, സംഭവം കൊല്ലത്ത്


കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് കൊലക്കേസിലെ ഒന്നാം പ്രതി ആലുവ അതുലാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങി സ്​റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവച്ചായിരുന്നു ആക്രമണം.കാറിൽ പോകുകയായിരുന്ന അതുലിനെ മ​റ്റൊരു കാറിൽ പിന്തുടർന്നെത്തിയ പ്രതികൾ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. വാളുൾപ്പെടെ ഉപയോഗിച്ചാണ് അതുലിനെ വെട്ടിയത്. ഗുരുതര പരിക്കേ​റ്റ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുപിന്നിൽ ​ഗുണ്ടാകുടിപ്പകയാണെന്നാണ് നിഗമനം. കേരള രജിസ്ട്രേഷനിലുള്ള കാറിലല്ല പ്രതികൾ എത്തിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.ജിം സന്തോഷ് എന്ന് വിളിപ്പേരുളള ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞ വർഷം മാര്‍ച്ച് 27നാണ് ആലുവ അതുലും സംഘവും കൊലപ്പെടുത്തിയത്. സംഭവ ദിവസം പുലർച്ചെ സന്തോഷിന്റെ വീട്ടിൽ കാറിലെത്തിയ സംഘം ബോബെറിഞ്ഞ് ആക്രമിക്കുകയും തുടർന്ന് അതുൽ സന്തോഷിന്റെ കാല് കൂടമുപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. സംഭവ സമയം സന്തോഷിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. കൃത്യം നടത്തി ഒളിവിൽ പോയ അതുലിനെ 21 ദിവസത്തിനുശേഷം തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നുമാണ് പിടികൂടിയത്. കരുനാഗപ്പളളി, ഓച്ചിറ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുളള രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പൊലീസ് അന്ന് അറിയിച്ചത്.


Source link

Related Articles

Back to top button