മണിപ്പൂരിൽ വീണ്ടും സംഘർഷം: 20 നാഗ യുവാക്കളെ കുക്കികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം

ഇംഫാൽ: മണിപ്പൂരിൽ മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഘർഷം ഉടലെടുത്തത്. 20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് തങ്ങളുടെ യുവാക്കളെ കുക്കി വിഭാഗം പിടികൂടി ബന്ദികളാക്കിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.നാഗാ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. നിലവിൽ മേഖലയിൽ വലിയ രീതിയിലുള്ള സംഘർഷമാണ് നിലനിൽക്കുന്നത്. സംഘർഷം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന വാർത്തകളിൽ ഇതുവരെ പൊലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സംഭവത്തെക്കുറിച്ച് പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് സമാധാനാഭ്യർത്ഥനയുമായി രംഗത്തെത്തി. .ജനങ്ങൾ സംഘർഷത്തിലേക്ക് പോകരുതെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുകയും സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി മണിപ്പൂരിൽ സമാധാനാന്തരീക്ഷം നിലനിന്നിരുന്നു. എന്നാൽ പുതിയ സംഭവങ്ങൾ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മേഖലയിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Source link



