ഗണേശ് കുമാറിനെതിരെ ഭാര്യ പരാതി തന്നാൽമാത്രം കേസെടുക്കുമെന്ന് പൊലീസ്; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ഇന്റലിജൻസ്

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേശ് കുമാറിനെതിരായുള്ള ഭാര്യ ബിന്ദുമേനോന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിശദമായ റിപ്പോർട്ട് നൽകി ഇന്റലിജൻസ്. ഗണേശിന്റെ ജീവനക്കാർ കയ്യേറ്റം ചെയ്തതിൽ ബിന്ദു പരാതി നൽകിയാൽ കേസെടുക്കേണ്ടി വരും. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.അതേസമയം, ബിന്ദു മേനോൻ പരാതി നൽകിയാൽ മാത്രം കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ്. കേട്ടുകേൾവി പരാതിയിൽ കേസെടുത്താൽ നിലനിൽക്കില്ല. കയ്യേറ്റത്തെക്കുറിച്ചോ ഗാർഹിക പീഡനത്തിലോ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ മന്ത്രി കെ.ബി ഗണേശ്കുമാറിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും. അടുത്തദിവസം തന്നെ ഗണേശ് മുഖ്യമന്ത്രിയെ കണാനാണ് സാദ്ധ്യത. ഇതിനു ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുക. അതിനിടെ, ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. സ്ത്രീകൾക്ക് മാന്യത ഉറപ്പാക്കുന്നതാണ് ഇടത് കാഴ്ചപ്പാടെന്നും പറഞ്ഞു.
Source link



