മർദ്ദനമേറ്റ പൊലീസുകാരന് എതിരെ കേസ്, സേനയിൽ അമർഷം

തിരുവനന്തപുരം: തലസ്ഥാനത്തെ മാളിൽ എസ്.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കുകയും പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തുകയും ചെയ്തതിൽ സേനയിൽ അമർഷം. സംഭവത്തിൽ പൊലീസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ പിടികൂടുന്നതിൽ തുടക്കത്തിൽ വഞ്ചിയൂർ പൊലീസ് കാട്ടിയ അലംഭാവവും വിവാദമായി.സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് ഇടപെട്ടതോടെയാണ് നടപടികൾ വേഗത്തിലായത്. എസ്.എഫ്.ഐ പ്രവർത്തകരായ പേട്ട സ്വദേശി വിനയ് പ്രകാശ് (23), സുർജിത് (19) എന്നിവരെ ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തു. രണ്ടുപേരെ പിടികൂടാനുണ്ട്. ശനിയാഴ്ച വൈകിട്ട് മാൾ ഒഫ് ട്രാവൻകൂറിൽ സഹോദരിക്കൊപ്പമെത്തിയ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയിയെയാണ് നാലുപേർ പിന്തുടർന്ന് മർദ്ദിച്ചത്.ശംഖുംമുഖത്ത് പുതുവത്സര ആഘോഷത്തിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മിഥുൻ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മിഥുൻ പ്രതിരോധിച്ചു. എന്നാൽ, എസ്.എഫ്.ഐക്കാരെ മർദ്ദിച്ചുവെന്ന പേരിൽ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത വഞ്ചിയൂർ പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ. ഇത് സമ്മർദ്ദം മൂലമെന്നാണ് ആക്ഷേപം. വിനയ് പ്രകാശിന്റെ പരാതിയിലാണ് മിഥുനെതിരെ കേസെടുത്തത്.
Source link



