LATEST

19ാം ഓവറില്‍ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു, പിന്നാലെ സിക്‌സും ഫോറുമടിച്ച് സഞ്ജുവിന്റെ ‘ധോണി മോഡല്‍’

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിഫൈനലിന് ടിക്കറ്റെടുത്തത്. മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് പുറത്താകാതെ 97 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായി. മലയാളി താരത്തെ പ്രശംസകൊണ്ട് മൂടുകയാണ് രാജ്യത്തെ മുഴുവന്‍ ക്രിക്കറ്റ് ആരാധകരും മുന്‍ താരങ്ങളും. ഓപ്പണറായി ക്രീസിലെത്തി അവസാന നിമിഷം വരെ ക്രീസില്‍ തുടര്‍ന്ന താരത്തിന്റെ പ്രകടനം ആരാധകരുടെ മനം കവര്‍ന്നു എന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യയുടെ മുന്‍ നായകന്‍ സാക്ഷാല്‍ എംഎസ് ധോണി സ്‌റ്റൈലില്‍ സിക്‌സും ഫോറും അടിച്ചുള്ള താരത്തിന്റെ ഫിനിഷിംഗും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ അധികം ആരും പ്രശംസിക്കാത്തതും അല്ലെങ്കില്‍ ശ്രദ്ധിക്കാത്തതുമായ രണ്ട് കാര്യങ്ങള്‍ 19ാം ഓവറില്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പടുകൂറ്റന്‍ സിക്‌സറും ഫോറുമടിച്ച് സഞ്ജു ഇന്ത്യക്കായി വിജയറണ്‍ കുറിച്ചത്.അവസാന പത്ത് പന്തുകളില്‍ 17 റണ്‍സ് വേണമെന്ന നിലയില്‍ ആയിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ.

ഹാര്‍ദിക് പുറത്തായപ്പോള്‍ ക്രീസിലെത്തിയത് ശിവം ദൂബെ. ഷമാര്‍ ജോസഫ് എറിഞ്ഞ 19ാം ഓവറില്‍ ദൂബെ നേടിയ രണ്ട് ബൗണ്ടറികളാണ് ക്രീസിലുണ്ടായിരുന്ന സഞ്ജുവിന്റെ സമ്മര്‍ദം പോലും കുറച്ചത്. ഇതിന് 19ാം ഓവര്‍ അവസാനിക്കുമ്പോള്‍ ജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടിയിരുന്നത് വെറും ഏഴ് റണ്‍സ് മാത്രം. മാത്യു ഫോര്‍ഡ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ യഥാക്രമം സിക്‌സും ഫോറും പായിച്ചാണ് സഞ്ജു ജയം ഉറപ്പിച്ചത്.

സ്‌കോര്‍ബോര്‍ഡ് പരിശോധിക്കുമ്പോള്‍ ശിവം ദൂബെയുടേത് നാല് പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് നേടി പുറത്താകാതെ നിന്നു എന്ന ചെറിയ സംഭാവന മാത്രമെന്ന് തോന്നാം. പക്ഷേ ദൂബെ നേടിയ ആ രണ്ട് ബൗണ്ടറികളും സമ്മര്‍ദ്ദമില്ലാതെ അവസാന ഓവറില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് വലിയ പിന്തുണയായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം.


Source link

Related Articles

Back to top button