തകർന്നടിഞ്ഞ് ബെയ്‌ത്-എ-റഹ്ബാരി

ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവിന്റെ ഓഫീസും ഔദ്യോഗിക വസതിയും സ്ഥിതി ചെയ്തിരുന്ന ഇടമാണ് ബെയ്‌ത്-എ- റഹ്ബാരി. ഹൗസ് ഒഫ് ലീഡർഷിപ്പ് എന്നും അറിയപ്പെടുന്നു. 1989 മുതൽ ശനിയാഴ്ച യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ തകരുന്നതുവരെ ഖമനേയിയുടെ ഭരണസിരാ കേന്ദ്രമായിരുന്നു ഇവിടം.
മർജ എന്നറിയപ്പെടുന്ന മതപരമായ ഓഫീസും ഇവിടെ തന്നെ. മദ്ധ്യ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 50ഓളം കെട്ടിടങ്ങൾ ഇവിടെയുണ്ട്. വ്യോമാക്രമണങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള ഭൂഗർഭ ബങ്കറുകളും ഇവിടെയുണ്ടായിരുന്നു. എന്നാൽ ഇസ്രയേലിന്റെ ബങ്കർ ബസ്റ്റർ ബോംബാക്രമണത്തിൽ ഇവ തകർന്നെന്നാണ് റിപ്പോർട്ട്.
1941 മുതൽ 1979 വരെ ഇറാന്റെ ഭരണാധികാരിയായിരുന്ന (അവസാന ഷാ) മുഹമ്മദ് റെസ പഹ്‌ലവിയുടെ ‘എക്തെസാസി’ എന്ന കൊട്ടാര വളപ്പിലാണ് ഓഫീസ് നിർമ്മിച്ചത്. 1938ൽ ജൂത ഹംഗേറിയൻ വാസ്തുശില്പികളായ ലസ്ലോ ഫിഷറും ഫെറൻക് ബോഡാൻസ്‌കിയും ചേർന്നാണ് എക്തെസാസി കൊട്ടാരം രൂപകൽപ്പന ചെയ്തത്.
നാഷണൽ ഗാർഡനിലെ വിദേശകാര്യ മന്ത്രാലയ കെട്ടിടവും അവർ രൂപകൽപ്പന ചെയ്തു. സമീപത്ത് കൂടുതൽ കൊട്ടാരങ്ങൾ നിർമ്മിച്ചു. 1938 മുതൽ 1969 വരെ മുഹമ്മദ് റെസയുടെ പ്രാഥമിക വസതിയായിരുന്നു ബെയ്‌ത്-എ- റഹ്ബാരി.
Source link

