ജസ്റ്റിസ് സുശ്രുത് അർവിന്ദ് ധർമാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സുശ്രുത് അർവിന്ദ് ധർമാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്‌തവ മാർച്ച് 5ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണിത്. ഛത്തീസ്ഗഢ് റായ്‌പൂർ സ്വദേശിയാണ്. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലാണ് അഭിഭാഷകനായി പ്രാക്‌ടീസ് ആരംഭിച്ചത്. 2016 ഏപ്രിൽ 7ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ ജഡ്‌ജിയായി. 2025 ഏപ്രിൽ 23ന് കേരള ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഇദ്ദേഹത്തിന്റെ ബെഞ്ചിലെ വിധി വിവാദമായിരുന്നു. ‘ദ കേരള സ്റ്റോറി 2 : ഗോസ് ബിയോൺഡ‌്’ സിനിമയ്‌ക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ച സ്റ്റേ റദ്ദാക്കി പ്രദർശനാനുമതി നൽകിയത് ജസ്റ്റിസ് സുശ്രുത് അർവിന്ദ് ധർമാധികാരിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്.
Source link



