LATEST

അഫ്‌‌ഗാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ; പാക് വിമാനം വെടിവച്ചിട്ട് താലിബാൻ

ഇസ്ലാമാബാദ്/കാബൂൾ: ഏറെ നാളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കൊടുവിൽ അയൽരാജ്യമായ അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ. ഇന്ന് പുലർച്ചെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും പ്രധാന നഗരമായ കാണ്ഡഹാറിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തോടെ മേഖലയിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഓപ്പറേഷൻ ‘ഗസബ് ലിൽഹഖ്’ എന്നാണ് സൈനിക നീക്കത്തിന് പാകിസ്ഥാൻ നൽകിയിരിക്കുന്ന പേര്.

ഞങ്ങളുടെ ക്ഷമ നശിച്ചു, ഇനി നേരിട്ടുള്ള യുദ്ധമാണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് എക്സിലൂടെ പ്രഖ്യാപിച്ചു. തങ്ങളുടെ സൈനിക പോസ്റ്റുകൾക്കു നേരെ അഫ്‌‌ഗാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് നടപടിയെന്ന് പാകിസ്ഥാൻ പറഞ്ഞു. കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിലെ അഫ്ഗാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. ഇതിൽ കാബൂളിലെയും കാണ്ഡഹാറിലെയും പ്രധാന സൈനിക ആസ്ഥാനങ്ങൾ തകർത്തുവെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

ഇന്നലെ രാത്രി പാക് അതിർത്തിക്കുള്ളിലേക്ക് കടന്നുകയറി 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാക് സൈനികരെ വധിച്ചതായും താലിബാൻ ഭരണകൂടം അറിയിച്ചു. ഒരു പാക് എഫ്16 യുദ്ധവിമാനം വെടിവച്ചിട്ടതായും താലിബാൻ വീഡിയോ സഹിതം അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം പൂർണമായും സ്ഥിരീകരിച്ചിട്ടില്ല.

കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരവിരുദ്ധമായ കണക്കുകളാണ് പുറത്തുവിടുന്നത്. 133 അഫ്ഗാൻ പോരാളികളെ വധിച്ചുവെന്നും ഒമ്പത് പേരെ തടവിലാക്കിയെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. സ്വന്തം പക്ഷത്ത് രണ്ട് സൈനികർക്ക് മാത്രമേ ജീവൻ നഷ്ടമായുള്ളൂ എന്നും അവർ പറയുന്നു. എന്നാൽ, 55 പാക് സൈനികരെ കൊന്നുവെന്നും പലരെയും തടവിലാക്കിയെന്നുമാണ് അഫ്ഗാനിസ്ഥാന്റെ വാദം. തങ്ങളുടെ ഭാഗത്ത് നിന്നും എട്ട് സൈനികർ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് അഫ്ഗാൻ ഭരണകൂടവും വ്യക്തമാക്കുന്നത്.

തൂർഖാം അതിർത്തിയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ഷെല്ലാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അതിർത്തി പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടമായി ഒഴിഞ്ഞുപോവുകയാണ്. ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ഇതോടെ പൂർണമായും തകർന്നു.


പാകിസ്ഥാനിൽ വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കുന്ന തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി)​ ആണെന്നാണ് ഇസ്ലാമാബാദ് ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം താലിബാൻ നിഷേധിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ പ്രത്യാക്രമണത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറയുന്നു. ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ആന്റണിയോ ഗുട്ടെറസ് ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാനും നയതന്ത്ര ചർച്ചകളിലൂടെ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനും അഭ്യർത്ഥിച്ചു.


Source link

Related Articles

Back to top button