LATEST

ആറ് അവയവങ്ങൾ ദാനം ചെയ്ത് ജിജിൻ മടങ്ങി

തിരുവനന്തപുരം : വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എൽ.ഡി ക്ലർക്ക് സി.ജിജിന്റെ (36) ഹൃദയമുൾപ്പെടെ ആറ് അവയവങ്ങൾ മറ്റുള്ളവർക്ക് പുതു ജീവനേകും.

കിളിമാനൂർ അടയമൺ നെല്ലിക്കുന്ന് അശ്വമാലികയിൽ ജിജിന്റെ ഹൃദയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് നൽകിയത്. രണ്ട് വൃക്ക,കരൾ, രണ്ട് നേത്ര പടലങ്ങൾ എന്നിവയും ദാനം ചെയ്തു. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേയും ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താൽമോളജിയിലെയും രോഗികൾക്കാണ് നൽകിയത്.

ഈ മാസം 22ന് പുലർച്ചെ ഒന്നിന് കല്ലമ്പലത്തിന് സമീപം തോട്ടയ്ക്കാട് വച്ചാണ് അപകടം. വീട്ടിലേക്ക് വരുകയായിരുന്ന ജിജിന്റെ ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതമായ പരിക്കേറ്റ ജിജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 24 ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കൾ ജിജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകി. കെസോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടികൾ പൂർത്തിയായത്. അഞ്ജലിയാണ് ഭാര്യ. അശ്വമാലിക മകൾ. അച്ഛൻ പരേതനായ ചന്ദ്രൻ, അമ്മ ഉഷാദേവി. പഴയ കുന്നുമ്മേൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കിളിമാനൂർ രാജേന്ദ്രന്റെ മരുമകനാണ് ജിജിൻ. എ.എ റഹീം എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഒ.എസ്.അംബിക എന്നിവർ മെഡിക്കൽ കോളേജിലെത്തിയിരുന്നു.


Source link

Related Articles

Back to top button