കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യമുണ്ടോ, വീണാ ജോർജിന് മോണോആക്ടിൽ ഒന്നാംസ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയപാടവം

കോഴിക്കോട് : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്തിട്ടില്ല മന്ത്രിക്ക് പരിക്കേറ്റത് എന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ച് തകർത്തതെന്ന് അലോഷ്യസ് സേവ്യർ വിമർശിച്ചു.
വ്യാജവാർത്തകൾ കൊണ്ട് കെ.എസ്.യു പ്രവർത്തകരെ കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും റെയിൽവേ സ്റ്റേഷനിലെ സി.സി. ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിക്കരികിൽ പ്രതിഷേധക്കാർ എത്താതിരിക്കാൻ പൊലീസ് ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സമരക്കാർക്കെതിരെ ആക്രോശിച്ചെത്തിയത് വീണാ ജോർജാണ്. കെ.എസ്.യു പ്രവർത്തകരെ മന്ത്രി അസഭ്യം പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ വച്ച് പരിക്കേറ്റതായി രണ്ട് ദിവസം മുമ്പ് നടന്ന ദേശാഭിമാനിയുടെ പരിപാടിയിൽ മന്ത്രി പറഞ്ഞിരുന്നു . ഇന്ന് മട്ടന്നൂരിൽ നടന്ന പരിപാടിയിലും മന്ത്രിയുടെ കൈയിൽ ആ പരിക്കുണ്ട്.
കേരളത്തിന്റെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്തെങ്കിലും രോഗവുമായി ആശുപത്രിയിലേക്ക് കടന്നു ചെല്ലുന്ന സാധാരണക്കാരന് മാന്യമായ ചികിത്സ കേരളത്തിലെ ആശുപത്രികളിൽ ലഭിക്കുന്നില്ല . കൈയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചെല്ലുന്ന രോഗിക്ക് കണ്ണിന് ശസ്ത്രക്രിയ നടത്തുന്നു. നിസാര രോഗവുമായെത്തുന്നവർ മൂക്കിൽ പഞ്ഞിവച്ച് മടങ്ങുന്ന ഗതികേടിലൂടെയാണ് കടന്നുപോകുന്നതെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.
Source link

