NEWS

82 രൂപയിൽ നിന്ന് 39 ലേക്ക് കൂപ്പുകുത്തി, തമിഴ്നാട് ഒരു കാരണം: മലയാളി കർഷകർക്ക് വലിയ പ്രതിസന്ധി

മലപ്പുറം: തമിഴ്നാട്ടിൽ നാളികേര ഉൽപ്പാദനം വർദ്ധിച്ചതും പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് നാളികേര മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി വൻതോതിൽ ഇടിഞ്ഞതും ജില്ലയിലെ നാളികേര കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിപണിയിൽ നാളികേര വില കുത്തനെ ഇടിഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. എട്ട് മാസം മുമ്പ് കിലോയ്ക്ക് 82 രൂപയാണ് കർഷകർക്ക് ലഭിച്ചിരുന്നത്. നാളികേര വില പിന്നീട് 65, 45 എന്നിങ്ങനെ താഴ്ന്ന് ഇപ്പോൾ വെറും 39 രൂപയിലെത്തി നിൽക്കുകയാണ്.

പൊതുജനങ്ങൾക്ക് ചില്ലറ പണിയിൽ നിന്ന് 41 രൂപയ്ക്ക് നാളികേരം ലഭ്യമാണ്. ഒരുകിലോ ചിരട്ടയ്ക്ക് 32 രൂപയും പൊതിക്കാത്ത തേങ്ങ ഒന്നിന് 13 രൂപയുമാണ് നിലവിലെ വില. കൊപ്ര കിലോയ്ക്ക് 130 രൂപയും കൊട്ടത്തേങ്ങയ്ക്ക് 250 രൂപയുമാണ് ഇപ്പോഴത്തെ വിപണി നിരക്ക്.

വിലയിടിവിന് പുറമെ തെങ്ങുകളെ ബാധിക്കുന്ന വിവിധ രോഗങ്ങളും കർഷകരെ വലയ്ക്കുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള പരിചരണങ്ങൾക്കായി വലിയ തുക ചിലവഴിക്കേണ്ടി വരുന്നു. ഇതിനൊപ്പം വളത്തിന്റെ വില വർദ്ധനവും കൂലിച്ചെലവ് താങ്ങാനാകാത്തതും കാരണം നാളികേര കൃഷി മുന്നോട്ട് കൊണ്ടുപോകാനാകാതെ കടുത്ത ദുരിതത്തിലാണ് ജില്ലയിലെ കർഷകർ.

അയൽസംസ്ഥാനങ്ങളിലെ സീസണും വിലയിടിവും

കേരളത്തിൽ ഫെബ്രുവരി മുതൽ മേയ് വരെയാണ് നാളികേരത്തിന്റെ പ്രധാന സീസൺ. എന്നാൽ മേയ് മുതൽ ആഗസ്റ്റ് വരെ തമിഴ്നാട്ടിലും, ജൂലായ് മുതൽ ഡിസംബർ വരെ കർണാടകയിലുമാണ് വിളവെടുപ്പ് കാലം. അയൽ സംസ്ഥാനങ്ങളിൽ സീസൺ സജീവമാകുന്നതോടെ കേരളത്തിലെ വിപണിയിലേക്ക് നാളികേര വരവ് കൂടുകയും വില വൻതോതിൽ ഇടിയുകയും ചെയ്യുന്നതാണ് കർഷകരെ ദുരിത്തിലാക്കുന്നത്.

തെങ്ങ് കർഷകരെ സംബന്ധിച്ച് വലിയ നഷ്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. കൂലിച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്.

പി.സുകുമാരൻ, കർഷകൻ


Source link
NEWS

Back to top button