NEWS

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ്; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി


തിരുവനന്തപുരം ∙ കായിക വികസനത്തിനുള്ള മുൻ കേന്ദ്ര പദ്ധതിയായ ‘പൈക്ക’ (പഞ്ചായത്ത് യുവക്രീഡാ ഔർ ഖേൽ അഭിയാൻ) വഴി കേരളത്തിന് അനുവദിച്ച തുകയിൽ 12 കോടി രൂപ കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് കായികമന്ത്രി ഒ.ജെ.ജനീഷ്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കായികവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പൈക്ക അഴിമതിയിൽ നടപടി ആവശ്യപ്പെട്ടുള്ള ഫയൽ കേരള സ്പോർട്സ് കൗൺസിലിൽ 8 മാസമായി പൂഴ്ത്തിവച്ചെന്ന മനോരമ വാർത്തയെത്തുടർന്നാണ് നടപടി.കോടികൾ കാണാതായ സംഭവത്തിൽ പൈക്കയുടെ മുൻ സംസ്ഥാന കോഓർഡിനേറ്ററും നിലവിലെ കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ എം.ആർ.രഞ്ജിത്തിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഫയൽ പൂഴ്ത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾക്കു പിന്നാലെ കൗൺസിൽ വൈസ് പ്രസിഡന്റ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പൈക്ക തട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കരുതെന്നു സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിലെ അപാകത മൂലം 2011ൽ പൈക്ക കോഓർഡിനേറ്റർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട രഞ്ജിത് 2016ൽ കേരള സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗമായാണ് തിരിച്ചെത്തിയത്.


Source link

Back to top button