NEWS
വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി യാഥാർഥ്യത്തിലേക്ക്; 8004.72 കോടി രൂപയുടെ പദ്ധതി: ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം ∙ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. 8004.72 കോടി രൂപയുടെ പദ്ധതിക്കായി, ദേശീയപാത അതോറിറ്റി നിർമിച്ചു പ്രവർത്തിപ്പിച്ചു കൈമാറാനുള്ള (ബിഒടി) ടെൻഡർ ക്ഷണിച്ചു. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 62.7 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയാണ് നിർമിക്കുന്നത്. കഴിഞ്ഞ 5ന് പുറത്തിറക്കിയ ടെൻഡർ വിജ്ഞാപനപ്രകാരം താൽപര്യമുള്ള കമ്പനികൾക്ക് ഓഗസ്റ്റ് 6 വരെ ടെൻഡർ രേഖകൾ ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി സമർപ്പിക്കുന്ന ബിഡുകൾ 7ന് തുറക്കും. ബിഒടി മാതൃകയിൽ പദ്ധതിക്ക് കുറഞ്ഞ സർക്കാർ ഗ്രാന്റ് ആവശ്യപ്പെടുകയോ ഭാവിയിലെ ടോൾ വരുമാനത്തിൽനിന്ന് ദേശീയപാത അതോറിറ്റിക്ക് ഉയർന്ന വിഹിതം വാഗ്ദാനം ചെയ്യുകയോ ചെയ്യുന്ന കമ്പനികളെയാകും ടെൻഡറിൽ തിരഞ്ഞെടുക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയും. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, ദേശീയപാത ശൃംഖല, വ്യവസായ–ലോജിസ്റ്റിക്സ് മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാകും. പദ്ധതിയുടെ പരിസ്ഥിതി അനുമതിക്കായുള്ള പൊതുതെളിവെടുപ്പ് 11ന് കാട്ടാക്കടയിൽ നടക്കും. പദ്ധതിക്ക് പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ് അപ്രൈസൽ കമ്മിറ്റിയുടെ(പിപിപിഎസി) അംഗീകാരം നേടിയതോടെയാണ് ദേശീയപാത അതോറിറ്റി ടെൻഡർ നടപടികളിലേക്കു കടക്കുന്നത്.
Source link


