SPORTS

‘അവസാന 3 ക്യാപ്റ്റന്മാരും മുംബൈയിൽനിന്ന്’: ഗ്രൗണ്ടിൽ കെട്ടിപ്പിടിച്ച് സൂര്യയും ശ്രേയസ്സും, ബാറ്റിങ്ങിലും തിളങ്ങി– വിഡിയോ


മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനു പകരം ശ്രേയസ്സ് അയ്യരെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ മൈതാനത്ത് ഒരുമിച്ച് ഇരുതാരങ്ങളും. ടി20 മുംബൈ ലീഗിൽ ട്രയംഫ്സ് നൈറ്റ്സും മുംബൈ ഫാൽക്കൺസും തമ്മിലുള്ള മത്സരത്തിനായാണ് ഇരുവരും ഇറങ്ങിയത്. സൂര്യകുമാറാണ് ട്രയംഫ്സ് നൈറ്റ്സിന്റെ ക്യാപ്റ്റൻ. മുംബൈ ഫാൽക്കൺസിന്റെ പ്രധാനതാരമാണ് ശ്രേയസ്സ് അയ്യർ. മത്സരം തുടങ്ങുന്നതിനു മുൻപ് പരസ്പരം അഭിവാദ്യം ചെയ്ത് ഇരുതാരങ്ങളും ആശ്ലേഷിച്ച് സ്നേഹം പങ്കിടുകയും ചെയ്തു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ഗ്രൗണ്ടിൽ എത്തിയിരുന്നു.മത്സരത്തിൽ സൂര്യകുമാറും ശ്രേയസ്സ് അയ്യരും തിളങ്ങുകയും ചെയ്തു. നാല് സിക്സറുകളും മൂന്നു ഫോറുകളും ഉൾപ്പെടെ 24 പന്തിൽ 48 റൺസെടുത്ത സൂര്യകുമാറിന്റെ ബാറ്റിങ് കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് യംഫ്സ് നൈറ്റ്സ് കുറിച്ചത്. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ശ്രേയസ്സ് അയ്യരുടെ (36 പന്തിൽ 61) ബാറ്റിങ് മികവിൽ 16.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഫാൽക്കൺസ് ലക്ഷ്യം കണ്ടു. ശ്രേയസ്സ് അയ്യർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.


Source link

Back to top button