NEWS

കെഎസ്ആ‌‌ർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: ഇനി തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്. കെഎസ്ആർടിസി നൽകിയ റിപ്പോർട്ടുകൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്തതിനു ശേഷം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കാൻ വിട്ടു. പദ്ധതി ഏതുരീതിയിൽ നടപ്പിലാക്കണമെന്നും എന്തെങ്കിലും മാനദണ്ഡങ്ങൾ വേണമോ എന്നതിലുൾപ്പെടെ അന്തിമ തീരുമാനം ഇനി മുഖ്യമന്ത്രിയുടേതാണ്.

ഏതൊക്കെ ബസിൽ പദ്ധതി നടപ്പാക്കിയാൽ എത്ര രൂപ വീതം ചെലവു വരുമെന്ന കണക്കുകൾ കെഎസ്ആർടിസി ഗതാഗത വകുപ്പിന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രതിദിനം 10 മുതൽ 12 വരെ ലക്ഷം വരെ സ്ത്രീകൾ കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. പദ്ധതി നടപ്പാക്കുന്നതോടെ കൂടുതൽ സ്ത്രീകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം 112 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ട്. ഓർഡിനറി ബസിൽ മാത്രമാണെങ്കിൽ 57 കോടി, സിറ്റി ഫാസ്റ്റ്, ഓർഡിനറി എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണ് 3 മാസത്തെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമുള്ള സാമ്പത്തിക സഹായത്തിനും പുറമേ ഈ തുക കൂടി സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടിവരും.

അതിനാൽ ഗതാഗതവകുപ്പിന്റെ റിപ്പോർട്ട് വിശദമായി പഠിച്ച് ചർച്ച ചെയ്തതിന് ശേഷമാകും സൗജന്യ യാത്രയിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കുക. നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ജൂൺ 15 നകം പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് വിവരം.


Source link
NEWS

Back to top button