NEWS
‘16 കോടി തട്ടിയെടുത്തു; 6 കോടി കത്തിച്ചുകളഞ്ഞു, ബാക്കി ഭൂമി ഇടപാടുകൾക്ക്’: ഞെട്ടിക്കുന്ന മൊഴി നൽകി പ്രതി സംഗീത്

തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍നിന്നു വെട്ടിച്ചതില്‍ ആറു കോടി രൂപ കത്തിച്ചു കളഞ്ഞുവെന്ന് പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി. ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഗീതിനെ വിജിലന്‍സ് അടുത്തിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ആറു കോടി കത്തിച്ച വിവരം സംഗീത് പറഞ്ഞത്. ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ ക്ലര്‍ക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. നോട്ടുനിരോധനത്തെ തുടര്‍ന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലെ വീട്ടില്‍ വച്ച് കത്തിച്ചു കളഞ്ഞതെന്നാണ് സംഗീത് നല്‍കിയിരിക്കുന്ന മൊഴി. ഫോറന്‍സിക് സംഘത്തോടൊപ്പം വിജിലന്‍സ് സ്ഥലത്തു പരിശോധന നടത്തി. 2012 മുതല്‍ 2021 വരെയുള്ള കാലയളവിലാണ്, ലോട്ടറി തൊഴിലാളികളടയ്ക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റി സംഗീത് തട്ടിപ്പു നടത്തിയത്. 2012 മുതല്‍ 2016 വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളില്‍ ചെക്കില്‍ ഒപ്പിട്ട് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തു എന്ന് ആദ്യം പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.
Source link


