NEWS
ഗൂഢാലോചനയുണ്ടായോ? പിണറായി വിജയന്റെ വാടക വീടിന് പുറത്ത് പ്രതികളുമായി തെളിവെടുപ്പ്

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി. പിണറായി വിജയന് താമസിക്കുന്ന വാടകവീടിനു പുറത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്. പ്രധാന ഗേറ്റിനു പുറത്തുള്ള റോഡില്‍ വച്ചാണ് പൊലീസ് പ്രതികളില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. നിതിന്‍ രാജ്, മനോജ്, ജീവന്, ഷാഹിന്‍, ശ്രീജിത്ത് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. നാളെ 4 മണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും എസ്ഐടി അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം പൊലീസ് കസ്റ്റഡി അപേക്ഷയില്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തണം, കൂട്ടുപ്രതികളെ തിരിച്ചറിയണം, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങളാണ് എസ്ഐടി കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നത്. ഇത് അംഗീകരിച്ചാണ് കോടതി ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ ഇതുവരെ 46 പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 26 പേര് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
Source link


