NEWS
ദേശീയപാത മേൽപാതയുടെ വൻമതിൽ പുറത്തേക്കു തള്ളിയ നിലയിൽ; 30 അടി ഉയരത്തിൽ സ്ഥാപിച്ച പൈപ്പുകൾ വളഞ്ഞു നിൽക്കുന്നു

പാരിപ്പള്ളി ∙ ദേശീയപാതയിൽ പാരിപ്പള്ളിയിൽ മേൽപാതയുടെ വൻമതിൽ (ആർഇ വോൾ) പുറത്തേക്കു തള്ളിയ നിലയിൽ. മേൽപാതയിലെ വെള്ളം ഒഴുകി പോകുന്നതിനു 30 അടിയോളം ഉയരത്തിൽ നിന്നു സ്ഥാപിച്ച പൈപ്പുകൾ വളഞ്ഞു നിൽക്കുന്നു. ഇതോടെ ജില്ലയിൽ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത വീണ്ടും ആശങ്ക വിതയ്ക്കുകയാണ്. തിരുവനന്തപുരം ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കുള്ള പാതയിൽ അമൃത സ്കൂളിനും പാരിപ്പള്ളി ജംക്ഷനും ഇടയിൽ മേൽപാത അപകടകരായ അവസ്ഥയിലാണെന്നാണു നാട്ടുകാരുടെ പരാതി. സ്കൂളിനു പരിസരത്തു മേൽപാത പുറത്തേക്കു തള്ളി നിൽക്കുന്നത് വൻ അത്യാഹിതത്തിനു കാരണമാകുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ. മറ്റു ഭാഗങ്ങളിൽ പൈപ്പ് സ്ഥാപിക്കുമ്പോൾ നേർരേഖയിലാണു നിൽക്കുന്നത്. എന്നാൽ ഇവിടെ വളഞ്ഞു പുളഞ്ഞ നിലയാണ്. ബാക്കി ഭാഗത്തു പൈപ്പ് സ്ഥാപിക്കുന്നത് നിർത്തിവയ്ക്കുകയും ചെയ്തു. ഇതിനു സമീപം മേൽപാതയുടെ ആർഇ വോളിൽ ‘ആപ്പ് കണക്കെ ഇരുമ്പു കമ്പികൾ അടിച്ചു കയറ്റിയിട്ടുണ്ട്. തുളച്ചു കയറ്റുന്ന കമ്പികൾ മണ്ണിൽ ചെന്നു നിൽക്കുന്നതിനാൽ ബലം ഉണ്ടാകില്ലെന്നും പരാതി. മേൽപാതയുടെ ബലക്ഷയം മൂലമാണ് ഓരോ കോൺക്രീറ്റ് സ്ലാബിന്റെ നാലു മൂലകളും തുളച്ചു ഇരുമ്പു കമ്പി അടിക്കുന്നതെന്നും സ്ലാബുകൾ ഇളകി വീഴാതിരിക്കാനാണ് ഇതെന്നും നാട്ടുകാർ ആരോപിച്ചു. മറ്റ് മേൽപാതകളിൽ ഇത്തരം നിർമാണ രീതി ഇല്ല. മണ്ണിനു ബലക്ഷയം ഉള്ള പ്രദേശമാണിത്.
Source link


