NEWS

ചെലവ് 1000 കോടി, സർക്കാർ പിന്തുണച്ചാൽ കൊല്ലത്തിന്റെ മുഖം മാറും:​ വാട്ടർ മെട്രോ യാഥാർത്ഥ്യമാകും

കൊല്ലം: സംസ്ഥാന സർക്കാർ പിന്തുണച്ചാൽ കൊല്ലത്ത് വാട്ടർ മെട്രോ യാഥാർത്ഥ്യമാകും. കൊല്ലം വാട്ടർ മെട്രോയുടെ സാദ്ധ്യതാപഠനത്തിന്റെ ചുരുക്കം, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംസ്ഥാന സർക്കാരിന് കൈമാറി. ആയിരം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ എന്നിവിടങ്ങൾക്ക് പുറമേ രാജ്യത്തെ 18 സ്ഥലങ്ങളിലാണ് ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സാദ്ധ്യത പഠനം നടത്തിയത്. വാട്ടർ മെട്രോ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ വാട്ടർ മെട്രോ നിയമം കൊണ്ടുവരുന്നുണ്ട്.

സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്ന നയമാണ് ആലോചനയിലുള്ളതെന്നാണ് വിവരം. സംസ്ഥാന സർക്കാർ പങ്കാളിത്തം വഹിക്കാൻ തയ്യാറായാൽ കൊല്ലം വാട്ടർ മെട്രോയ്ക്ക് രണ്ടാംഘട്ടത്തിൽ തന്നെ അനുമതി ലഭിക്കും. ആദ്യഘട്ടമായി ശ്രീനഗർ, ഉത്തർപ്രദേശ്, അസാം എന്നിവിടങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനാണ് ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ആലോചന.

നിലവിൽ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ അഷ്ടമുടി കായൽ കേന്ദ്രീകരിച്ചുള്ള യാത്ര ബോട്ട് സർവീസുകളെല്ലാം നഷ്ടത്തിലാണ്. എന്നാൽ ടൂറിസ്റ്റ് സർവീസായ സീ അഷ്ടമുടി വൻ ലാഭത്തിലുമാണ്.

സാദ്ധ്യതാ പഠനം നടത്തി
 സർവീസ് നടത്താവുന്ന റൂട്ടുകൾ
 യാത്ര, ടൂറിസം, ചരക്ക് സർവീസുകൾ
 സർവീസിന് ഉപയോഗിക്കാവുന്ന യാനം
 ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ
 ചെലവാകുന്ന തുക
 ചെലവ് തിരിച്ചുലഭിക്കാനുള്ള സാദ്ധ്യത

മുടങ്ങാതെ സർവീസ് നടത്തുന്നതിനൊപ്പം ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്തിയാൽ കൊല്ലത്ത് വാട്ടർ മെട്രോ ലാഭകരമാകും.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ


Source link
NEWS

Back to top button