NEWS

ജൂണ്‍ 9 മുതല്‍ മീന്‍ വില ഇനിയും കൂടും; ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് മത്തി, ഹോട്ടലുകളിലും റേറ്റ് ഉയരും

തിരുവനന്തപുരം: കേരളത്തില്‍ മത്സ്യത്തിന് വില കുത്തനെ ഉയരുകയാണ്. ജൂണ്‍ ഒമ്പത് മുതലാണ് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതെങ്കിലും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ജനപ്രിയ മത്സ്യ ഇനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ വീണ്ടും വലിയ മത്തി കിട്ടി തുടങ്ങിയെങ്കിലും വലിയ വിലയും നല്‍കണം എന്നതാണ് സ്ഥിതി. കിലോയ്ക്ക് 290 രൂപ മുതല്‍ 340 രൂപ വരെയാണ് മത്തി വാങ്ങാനായി നല്‍കേണ്ടത്.

മത്തി പോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട അയലയ്ക്കും നല്‍കണം നല്ല വില. ഒരു കിലോയ്ക്ക് 400 രൂപ വരെ നല്‍കണം. സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ ചെറിയ മത്തിയും അയലയും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവയ്ക്കും വില കൂടുതലാണ്. ജൂണ്‍ ഒമ്പതിന് കേരള തീരത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ തന്നെ മത്സ്യ വില ബാധിക്കും.

കഴിഞ്ഞ ആഴ്ചയിലെ വ്യാപാര നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ മത്സ്യങ്ങള്‍ക്ക് കിലോയ്ക്ക് 80 രൂപ വരെ കൂടിയിട്ടുണ്ട്. ബോട്ടുകളില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ ഉയര്‍ന്ന വില കാരണം പല പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും കടലില്‍ പോകുന്നത് കുറച്ചിരിക്കുകയാണ്. വലിയ തുക മുടക്കി കടലില്‍ പോയാലും ആവശ്യത്തിന് മീന്‍ ലഭിക്കാത്തത് ഒട്ടുമിക്ക ബോട്ടുകളെയും നഷ്ടത്തിലാക്കുന്നു. പല ബോട്ടുകളും ട്രോളിംഗിന് മുമ്പുതന്നെ കടലില്‍ പോക്ക് അവസാനിപ്പിച്ചിരുന്നു.

ട്രോളിംഗ് നിരോധന കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ധാരാളമായി മീനുകള്‍ എത്തുന്നതാണ് പതിവ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇതില്‍ കുറവുണ്ടായേക്കാം. മീന്‍ വില കൂടുമ്പോള്‍ വിലവിവര പട്ടികയില്‍ മാറ്റം വരുത്തേണ്ട അവസ്ഥയിലാണ് ഹോട്ടല്‍ ഉടമകള്‍. റേറ്റ് അനുസരിച്ച് മീന്‍ പാകം ചെയ്ത് വില്‍പ്പനയ്ക്കായി തയ്യാറാക്കുമ്പോള്‍ വിലയിലും മാറ്റം വരുത്തേണ്ട അവസ്ഥയാണ്.


Source link
NEWS

Back to top button