NEWS
ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്: ശ്രദ്ധേയ നേട്ടവുമായി തിരുവനന്തപുരം ഡിവിഷൻ; 20 ശതമാനം ബുക്കിങ്ങും ആപ് വഴി

തിരുവനന്തപുരം∙ഡിജിറ്റൽ ടിക്കറ്റിങ്ങിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. നിലവിൽ ഡിവിഷനിൽ ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകളിൽ അഞ്ചിൽ ഒന്ന് റെയിൽവൺ ആപ് വഴിയാണ്. ഇന്ത്യൻ റെയിൽവേയുടെ ഏകീകൃത മൊബൈൽ ആപ്പായ റെയിൽവണിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തെ മുൻനിര ഡിവിഷനുകളിലൊന്നായി തിരുവനന്തപുരം മാറിയെന്ന് അധികൃതർ പറഞ്ഞു. ഡിവിഷനിലെ അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (യുടിഎസ്) ടിക്കറ്റുകളിൽ ശരാശരി 20 ശതമാനവും ആപ് വഴിയാണ് ബുക്ക് ചെയ്യുന്നത്. വാരാന്ത്യങ്ങളിൽ ഇത് 25% എത്തുന്നു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും തുടർച്ചയായി സംഘടിപ്പിച്ച ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ നിതിൻ നോർബർട്ട് പറഞ്ഞു. റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ യാത്രാസേവനങ്ങൾ ഒരൊറ്റ ആപ്പിലൂടെ ലഭ്യമാക്കുന്ന റെയിൽവേയുടെ ഏകീകൃത മൊബൈൽ ആപ്പാണ് റെയിൽവൺ. ട്രെയിൻ സർവീസ് വിവരങ്ങൾ, സമയപ്പട്ടിക, പിഎൻആർ സ്ഥിതി, കോച്ച് പൊസിഷൻ എന്നിവ അറിയുന്നതിനും ഭക്ഷണം ഓർഡർ ചെയ്യുന്നതിനും റെയിൽ മദദ് പരാതി പരിഹാര സേവനം ഉപയോഗിക്കുന്നതിനും ആപ് സഹായകമാണ്. ആപ് വഴി ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 3 % നിരക്ക് ഇളവ് ലഭ്യമാണ്. സ്റ്റേഷനിൽ എത്തുന്നതിന് മുൻപു തന്നെ അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട‌്. ഇതു വഴി കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാം. സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രത്യേക ക്യൂആർ കോഡുകൾ സ്കാൻ ചെയ്ത് അതത് സ്റ്റേഷനെ ആരംഭ സ്റ്റേഷനായി തിരഞ്ഞെടുത്തും ടിക്കറ്റ് ബുക്ക് ചെയ്യാം. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുടെ ഉപയോഗത്തിലും ഡിവിഷൻ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എടിവിഎം വഴി വിതരണം ചെയ്ത ടിക്കറ്റുകളുടെ വിഹിതം 10 ശതമാനം വർധിച്ചു.
Source link


