NEWS

ഭൂമി പിളരുന്ന ശബ്ദം, സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നതിന്റെ ഞെട്ടലിൽ പെരിയ നഗരം


പെരിയ ∙ വലിയൊരു ദുരന്തത്തിന്റെ നിഴലിൽ നിന്ന് പെരിയ ടൗൺ ബുധനാഴ്ച ഉണർന്നത് അക്ഷരാർഥത്തിൽ ഞെട്ടലോടെയാണ്. കാഞ്ഞങ്ങാട് നിന്ന് കാസർകോട്ടേക്കുള്ള കെഎസ്ആർടിസി ബസ് കടന്നുപോകുന്നതിനു തൊട്ടുമുൻപ് ഭൂമി പിളരുന്നതുപോലെ ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു..! സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഒരുകൂട്ടം യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..! എന്നാൽ, ആ ആശ്വാസത്തിനപ്പുറം വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ് നമ്മുടെ റോഡ് നിർമാണത്തിലെ അശാസ്ത്രീയത. റോഡ് തകർന്നത് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം മുടക്കി. കേരള കേന്ദ്ര സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിലെ അടിപ്പാതയുടെ കിഴക്കുവശത്തെ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പെരിയ ടൗണിലെത്തിയത്. ​സെക്കൻഡുകളുടെ വ്യത്യാസം; വഴിമാറിയത് വലിയ ദുരന്തം രാവിലെ എട്ടരോയോടെയായിരുന്നു പെരിയ ടൗണിനെ ഭീതിയിലാഴ്ത്തിയ സംഭവം. കാഞ്ഞങ്ങാട്ടുനിന്നു കാസർകോട്ടേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ആ കെഎസ്ആർടിസി ബസ് കേരള കേന്ദ്ര സർവകലാശാലയുടെ രണ്ടാമത്തെ ഗേറ്റും കടന്ന് സർവീസ് റോഡിലൂടെ പെരിയ ടൗണിലേക്കു കടക്കുന്നതിനിടെയാണു റോഡ് ഇടിഞ്ഞുതാഴ്ന്നത്. നിമിഷങ്ങൾക്കകം അവിടെ രൂപപ്പെട്ടത് ഭീതിപ്പെടുത്തുന്ന ഒരു വലിയ ഗർത്തം ! വാഹനം കടന്നു പോകുന്നതിനിടെ സംഭവിക്കുമായിരുന്ന വലിയൊരു ദുരന്തത്തെയാണ് പെരിയ ഇന്ന് അതിജീവിച്ചത്.‘കർശന നടപടി വേണം’ ജനങ്ങളുടെ ജീവൻവച്ച് പന്താടുന്ന ഇത്തരം അശാസ്ത്രീയ നിർമാണങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഈ ആവശ്യമുന്നയിച്ച് ജില്ലാ കലക്ടർക്കു പരാതി നൽകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെയും ഭാരവാഹികൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഇ.നാരായണൻ, സെക്രട്ടറി രമേശ്കുമാർ, ഭാരവാഹികളായ എം.വി.ബാബു, എം.ടി.കലാധരൻ, സുഗതകുമാർ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ചന്ദ്രൻ തണ്ണോട്ട്, സെക്രട്ടറി സതീശൻ, ഭാരവാഹികളായ പവിത്രൻ കായക്കുളം, ദേവി എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.


Source link

Back to top button