NEWS

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം: നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം ഇന്ന് രാവിലെ ചിദംബരത്ത് കണ്ടെത്തിയത്. സുരേഷ് ആത്മഹത്യ ചെയ്‌തതാവാം എന്നാണ് പൊലീസിന്റെ നിഗമനം.

നാലാഞ്ചിറയിൽ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബീവി (36) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സുരേഷും ഹസീനയും തമ്മിൽ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്ന് ഹസീന വീടുവിട്ടുപോയി. പിന്നാലെ സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ വിഷം കഴിച്ച് ജീവനൊടുക്കാനും സുരേഷ് ശ്രമിച്ചിരുന്നു. പൊലീസിന്റെ മദ്ധ്യസ്ഥതയിലാണ് ഹസീനയെ വീണ്ടും വീട്ടിലേക്ക് അയച്ചത്. പിന്നാലെ ഇവർ തമ്മിൽ വീണ്ടും തകർക്കത്തിലാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്‌തു.


Source link
NEWS

Back to top button