SPORTS

30–ാം വയസ്സിൽ അരങ്ങേറ്റം, 33–ാം വയസ്സിൽ ക്യാപ്റ്റൻ; കുട്ടി ക്രിക്കറ്റിനെ ‘360യിൽ’ വിസ്മയിപ്പിച്ച ‘സ്കൈ’ യുഗം; സൂര്യയെ പുറത്താക്കിയതിന് കൃത്യമായ പ്ലാൻ


ക്രിക്കറ്റ് മൈതാനത്തിന്റെ ഏതു കോണിലേക്കും പന്തടിച്ച് പറത്തുന്ന 360 ഡിഗ്രി വിസ്മയം, ലോക ട്വന്റി20 ക്രിക്കറ്റിലെ വിനാശകാരിയായ ബാറ്റർ, ഒടുവിൽ ഇന്ത്യക്ക് ഒരു ലോകകിരീടം കൂടി സമ്മാനിച്ച നായകൻ… സൂര്യകുമാർ യാദവ് എന്ന ‘SKY’ക്ക് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നൽകിയ വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് കായികലോകത്തുനിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്.∙ സർപ്രൈസ് ക്യാപ്റ്റൻ 30–ാം വയസ്സിൽ ടീമിൽ അരങ്ങേറി, 31–ാം വയസ്സിൽ ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായി, 33–ാം വയസ്സിൽ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായ ആളാണ് സൂര്യകുമാർ യാദവ്. 2024 ജൂണിൽ ബാർബഡോസിൽ വച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഉയർത്തിയതിന് പിന്നാലെ രോഹിത് ശർമ്മ രാജ്യാന്തര ട്വന്റി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ തുടങ്ങിയ പ്രമുഖരെ മറികടന്നാണ് 2024 ജൂലൈയിൽ സൂര്യകുമാർ യാദവിലേക്ക് നായകസ്ഥാനം എത്തുന്നത്. 2024 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ സൂര്യകുമാർ എടുത്ത ആ അവിശ്വസനീയ ക്യാച്ച് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐക്കോണിക് നിമിഷങ്ങളിലൊന്നാണ്. ആ പോരാട്ടവീര്യമാണ് അദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതും.∙ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നീ വമ്പൻ ടീമുകൾക്കെതിരെയെല്ലാം ഇന്ത്യ ഉജ്ജ്വലമായ സീരീസ് വിജയങ്ങൾ നേടി. ∙ 2025 ഏഷ്യാ കപ്പിൽ കളിച്ച ഏഴു മത്സരങ്ങളിലും വിജയിച്ച്, ഫൈനലിൽ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ കിരീടം ചൂടിയത് സ്കൈയുടെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു. ∙ സ്വന്തം നാട്ടിൽ നടന്ന 2026 ട്വന്റി20 ലോകകപ്പിൽ കടുത്ത സമ്മർദങ്ങളെ അതിജീവിച്ച് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാൻ സൂര്യകുമാറിനായി. ടൂർണമെന്റിൽ കളിച്ച ഒൻപതിൽ എട്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ, ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും സ്വന്തം മണ്ണിൽ കിരീടം നേടുന്ന ടീമെന്ന ബഹുമതിയും സ്വന്തമാക്കി.


Source link

Back to top button