NEWS

ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി ബിജെപി അനുഭാവി?; ‘സതീശന്റെ നുണകൾ’ പ്രചാരണം നടത്തിയയാൾക്ക് സുരക്ഷിത നിയമനത്തിനും നീക്കം


തിരുവനന്തപുരം ∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പഴ്സനൽ സ്റ്റാഫിലും വകുപ്പുകളിലെ നിർണായക തസ്തികകളിലും എൽഡിഎഫ് അനുഭാവികളായ ജീവനക്കാരെ നിയമിക്കുന്നതിൽ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ കടുത്ത അതൃപ്തിയിൽ. ഏറ്റവുമൊടുവിൽ, മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്ചന്ദ്രന് കോൺഗ്രസുമായി ബന്ധമില്ലെന്നും ബിജെപിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തി. മുൻ സ്പീക്കർ കൂടിയായ എൻ.ശക്തൻ എംഎൽഎയുടെ പിഎ ആയി സിപിഎം യൂണിയനിൽപെട്ട ആളെ നിയമിച്ചെന്നാരോപിച്ച് യുഡിഎഫ് സംഘടന രംഗത്തെത്തിയെങ്കിലും തീരുമാനം തിരുത്തിയിട്ടില്ല.പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ ‘സതീശന്റെ നുണകൾ’ എന്ന പേരിൽ ഫെയ്സ്ബുക് പേജ് ആരംഭിച്ച് പ്രചാരണം നടത്തിയ പബ്ലിക് റിലേഷൻസ് വകുപ്പ് ജീവനക്കാരനെതിരെ സർക്കാർ അന്വേഷണം നടത്താൻ ഒരുങ്ങവേ ഇയാൾക്ക് സുരക്ഷിത നിയമനം നൽകാൻ അണിയറനീക്കം തുടങ്ങിയെന്ന് ആക്ഷേപമുണ്ട്. ഒരു സിപിഎം എംഎൽഎയുടെ പിഎ ആയി നിയമിച്ച് സർക്കാർ അന്വേഷണം അട്ടിമറിക്കാനാണു നീക്കം. പിആർഡി അറിയാതെയുള്ള നിയമന നീക്കത്തിനു പിന്നിൽ സർക്കാരിനുള്ളിലെ തന്നെ ചില സിപിഎം അനൂകൂല ലോബികളാണെന്ന് സർവീസ് സംഘടനകൾ ആരോപിക്കുന്നു. ഇയാൾ വി.ഡി.സതീശനെതിരെ പ്രചാരണത്തിന് ആഹ്വാനം ചെയ്ത് റെഡ് ബറ്റാലിയൻ എന്ന വാട്സാപ് ഗ്രൂപ്പിൽ ഇട്ട സന്ദേശം സന്ദീപ് വാരിയർ എംഎൽഎയാണ് പുറത്തെത്തിച്ചത്.


Source link

Back to top button