NEWS
‘ഞങ്ങളുമായി ആലോചിക്കാതെ പദവി പങ്കുവയ്ക്കരുത്, എൽഡിഎഫിനെ ദുർബലപ്പെടുത്തിയത് സിപിഐ നിലപാട്’

കോട്ടയം∙ പ്രതിപക്ഷ ഉപനേതാവിനെച്ചൊല്ലി സിപിഎം–സിപിഐ പോര് മുറുകുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് എൽഡിഎഫ് നിയമസഭാ കക്ഷിയിലെ മൂന്നാമത്തെ കക്ഷിയായ ആർജെഡി. ഉപനേതാവ് പദവി ഉൾപ്പെടെയുള്ള പാർലമെന്ററി പാർട്ടിയിലെ സ്ഥാനമാനങ്ങൾ പങ്കുവയ്ക്കുകയാണെങ്കിൽ ആർജെഡിയുമായി ആലോചിക്കണമെന്ന് പാർട്ടി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് മനോരമ ഓൺലൈനോടു പറഞ്ഞു. സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ എൽഡിഎഫ് നിയമസഭാകക്ഷിയിൽ പ്രാതിനിധ്യമുള്ള ഒരേയൊരു പാർട്ടിയാണ് ആർജെഡി.ജനങ്ങൾ തോൽപ്പിച്ചിട്ടും മുന്നണിയിലെ പ്രധാന കക്ഷികൾ പാഠം പഠിച്ചിട്ടില്ലെന്നും വർഗീസ് ജോർജ് വിമർശിച്ചു. ‘‘ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് ചർച്ച ചെയ്യേണ്ടത്. അതിനുപകരം ഉപനേതാവിനെ സംബന്ധിച്ചു നടക്കുന്ന തർക്കം മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും. സുപ്രധാന നിയമസഭാ സമ്മേളനം നടക്കുമ്പോഴും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിക്കാൻ കഴിയാത്തത് നിരാശാജനകമാണ്. എത്രയും വേഗം പാർലമെന്ററി പാർട്ടി വിളിച്ചുകൂട്ടണം’’ – വർഗീസ് ജോർജ് ആവശ്യപ്പെട്ടു.
Source link


