AUTO
നിശബ്ദനായെത്തി, ബജാജ് അവഞ്ചർ 220 സ്ട്രീറ്റ്; വില 1.29 ലക്ഷം

ചെറിയൊരു ഇടവേളയ്ക്കു ശേഷം അവഞ്ചർ സ്ട്രീറ്റ് വീണ്ടുമെത്തി. നേരത്തെ 160 സിസി എൻജിനിൽ ലഭ്യമായിരുന്ന അവഞ്ചർ സ്ട്രീറ്റ് ഇപ്പോൾ 220 സിസി കരുത്തിൽ തരിച്ചെത്തിയിരിക്കുന്നു. ബഹളങ്ങളൊന്നും ഇല്ലാതെ ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യുകയായിരുന്നു. 1.29 ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിയ പുതിയ മോഡലിന് അവഞ്ചർ 220 ക്രൂയിസിനേക്കാൾ ₨1,200 കൂടുതലാണ്. എന്താണ് പുതിയത്? കാഴ്ചയിൽ മാറ്റങ്ങളുമായാണ് സ്ട്രീറ്റിന്റെ വരവ്. ഹൊറിസോണ്ടൽ ഡിആർഎൽ ഉള്ള ഹെഡ്‌ലൈറ്റ്. ഹാൻഡിൽബാർ താരതമ്യേന പരന്നതും 220 ക്രൂയിസിനേക്കാൾ താഴ്ന്നതുമാണ്. ഫുട്‌പെഗിന്റെ സ്ഥാനത്തിൽ മാറ്റമില്ല. 220 ക്രൂയിസിലെ ഉയരമുള്ള വിൻഡ്-സ്‌ക്രീൻ ആയിരുന്നെങ്കിൽ അതിനു വിപരീതമായി ചെറിയ വിൻഡ്-ഡിഫ്ലെക്ടറാണ് 220 സ്ട്രീറ്റിൽ വരുന്നത്. സ്ട്രീറ്റിന് ഫോർക്ക്-ഗെയ്‌റ്ററുകളും എഞ്ചിനിലും എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലും ബ്ലാക്ക്ഡ് ഔട്ട് ഫിനിഷും ഉണ്ട്. 163 കിലോഗ്രാം (കർബ്) ഭാരമുള്ള 220 സ്ട്രീറ്റിന് 220 ക്രൂയിസിനെ അപേക്ഷിച്ച് 3 കിലോഗ്രാം ഭാരമുണ്ട്. 220 ക്രൂയിസിലെ വയർ-സ്‌പോക്ക് ട്യൂബ്ഡ് ടയറുകളിൽനിന്നു വ്യത്യസ്തമായി ട്യൂബ്‌ലെസ് അലോയ് വീലുകളുമായാണ് സ്ട്രീറ്റ് വരുന്നത്. എന്നിരുന്നാലും 90/130-സെക്ഷൻ (F/R) ടയറിന്റെ വലുപ്പത്തിൽ മാറ്റമില്ല. 737എംഎം ആണ് സീറ്റിന്റെ ഉയരം. ക്രൂയിസിന്റെ അതേ എൻജിൻതന്നെയാണിതിലും. 220 സിസി, സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിന്റെ കരുത്ത് 19 എച്ച്പി. ഉയർന്ന ടോർക്ക് 17.5 എൻഎം. 5-സ്പീഡ് ഗിയർബോക്‌സ്. എബണി ബ്ലാക്ക്, കോക്ക്‌ടെയിൽ വൈൻ റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്ട്രീറ്റ് സ്വന്തമാക്കാം.
Source link


