NEWS
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി, പിന്നാലെ കന്നി ബജറ്റ്; ‘ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന ധവളപത്രം’

തിരുവനന്തപുരം∙ പത്തു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങുമ്പോള്‍ അയ്യായിരം കോടിയിലേറെ രൂപ ഖജനാവിലുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ പൊളിച്ചടുക്കാന്‍ പാകത്തിലുള്ള ധവളപത്രം തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് യുഡിഎഫ് സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ധവളപത്രം നിയമസഭയില്‍ സമര്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തുടര്‍ന്ന് പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം ബജറ്റിലേക്കു കടക്കുന്നതാവും ഗുണകരമെന്ന വിലയിരുത്തലാണ് യുഡിഎഫിനുള്ളത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാഥാര്‍ഥ്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താതെ ഭരണം തുടങ്ങിയാല്‍ അതു ഭാവിയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ധവളപത്രത്തെ ഏറെ ഗൗരവത്തോടെ സര്‍ക്കാര്‍ സമീപിക്കുന്നത്. അതിനൊപ്പം തുടക്കത്തില്‍ തന്നെ പ്രതിപക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കാനും ഇതുവഴി കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഡോ.കെ.എം.ചന്ദ്രശേഖരന് അധ്യക്ഷനായ സമിതിക്കു പത്തു ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്. ബജറ്റിനു മുന്‍പു തന്നെ ധവളപത്രവും പുറത്തിറക്കി എത്രത്തോളം കടബാധ്യതയാണ് നിലവില്‍ സംസ്ഥാനത്തിനുള്ളത്, വരുമാനം എത്രയാണ്, എത്രത്തോളം നികുതി വരുമാനമാണ് പിരിച്ചെടുക്കാതെ പാഴാക്കി കളഞ്ഞത് തുടങ്ങിയ കണക്കുകള്‍ വെളിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ കടബാധ്യത 4,88,910 കോടി രൂപയാണെന്നാണ് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഇഴകീറിയുള്ള പരിശോധന ധവളപത്ര സമിതി നടത്തും.
Source link


